തൃ​ശൂരിൽ മരിച്ച വയോധികക്ക് കോവിഡ്; സംസ്​ഥാനത്തെ നാലാമത്​ കോവിഡ് മരണം

ചാവക്കാട് (തൃശൂർ): മുംബൈയിൽ നിന്നെത്തിയ ശേഷം ബുധനാ​ഴ്​ച ചാവക്കാട് താലൂക്ക്​ ആശുപത്രിയിൽ മരിച്ച വയോധികക്ക് കോവിഡെന്ന് പരിശോധന ഫലം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദി​​​െൻറ ഭാര്യ ഖദീജക്കുട്ടിയാണ് (73) മരിച്ചത്. ഇവരുടെ സ്രവപരിശോധന ഫലം ഇന്നാണ് ലഭിച്ചത്.

പ്രമേഹവും ശ്വാസതടസ്സവും രക്​തസമ്മർദവുമുള്ള ഇവർ ഈ രോഗങ്ങൾക്ക്​ ചികിത്സയിലായിരുന്നു. മുംബൈയിൽ നിന്നെത്തിയ ഇവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാൻ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 

മരണകാരണം കോവിഡ് ആണെന്ന്​ വ്യാഴാഴ്​ച രാത്രിയാണ്​ സ്ഥിരീകരിച്ചത്​. ബുധനാഴ്ചയെടുത്ത സാമ്പിൾ ഫലം വരാൻ വൈകിയതിനാൽ വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച ഖബറടക്കവും വൈകിയിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണുള്ളത്​.

മുംബൈയിൽ മക്കൾക്കൊപ്പം താമസിച്ചിരുന്ന ഖദീജക്കുട്ടി ബുധനാഴ്ച പുലർച്ച 5.30ഓടെയാണ് കാറിൽ പെരിന്തൽമണ്ണയിലെത്തിയത്. ഒറ്റപ്പാലം സ്വദേശികളായ അഞ്ചംഗ കുടുംബത്തോടൊപ്പമായിരുന്നു വന്നത്. പെരിന്തൽമണ്ണയിലെത്തിയ ഇവരെ മകനാണ് നാട്ടിലെത്തിച്ചത്. 

ബുധനാഴ്​ച രാവിലെ 7.30 ഓടെയാണ് ഐസൊലേഷനിൽ പ്രവേശിക്കാൻ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിയത്. അതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മരിച്ചു. ഇവരുടെ മകനും ആംബുലൻസ്​ ഡ്രൈവറും നിരീക്ഷണത്തിലാണ്​.

Tags:    
News Summary - covid death in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.