തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ചാടിപ്പോയ ആനാട് സ്വദേശിയെ പിടികൂടി. പിടിച്ചുവെച്ച ശേഷം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ഇയാള്‍ ബസിൽ യാത്ര ചെയ്താണ് നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചുകാണും എന്നാണ് കണക്കാക്കുന്നത്. ആനാട് ബസിറങ്ങിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.
ഇയാളുമായി സമ്പർക്കമുണ്ടായവരെ ഉടൻ കണ്ടെത്താൻ ജില്ല ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
രണ്ട് ബസ് കയറിയാണ് ഇയാൾ നാട്ടിലെത്തിയതെന്നും പറയപ്പെടുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ആരോപിച്ചു. ആനാട് പ്രദേശത്ത് അണുനശീകരണം നടത്താനുള്ള നടപടികൾ ഫയര്‍ഫോഴ്‌സ് സ്വീകരിച്ചുവരികയാണെന്നും സുരേഷ് അറിയിച്ചു.
അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങിനെയാണ് ഇയാള്‍ കടന്നുകളഞ്ഞതെന്നത് അധികൃതരെ കുഴക്കുകയാണ്. ബസിൽ യാത്ര ചെയ്തതും അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇയാള്‍ക്കെതിരെ ക്വാറൻറീന്‍ ലംഘനത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കും.
അതേസമയം, സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് പരിശോധന ഫലങ്ങളും നെഗറ്റിവായി ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇയാൾ കടന്നുപോയതെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. മദ്യത്തിന് അടിമയായതിനാല്‍ മദ്യം ലഭിക്കാതെ വന്നതിനാലാണ് ഇയാള്‍ ആശുപത്രിയില്‍നിന്നു കടന്നതെന്നാണ് അറിയുന്നത്. യുവാവുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയന്തിര നടപടി ആരംഭിച്ചെന്നും കോവിഡ് വാർഡിൽ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നിർദേശം നല്‍കിയെന്നും ജില്ല കലക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.