വാളയാർ കേസിൽ തുടരന്വേഷണം വേണം

പാലക്കാട്: വാളയാർ പീഡനക്കേസിൽ സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ) ഉത്തരവിട്ടു. സി.ബി.ഐ സമർപ്പിച്ച രേഖകളും തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ വിചാരണ കോടതി, ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി.

കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് സെഷൻസ് ജഡ്ജി ജയവന്തിന്‍റെ സുപ്രധാന ഉത്തരവ്. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസ് കണ്ടെത്തല്‍ ശരിവെച്ചുള്ള കുറ്റപത്രമാണ് സി.ബി.ഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്.

നിരന്തര ശാരീരികപീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന് പിന്നാലെ സി.ബി.ഐയും കണ്ടെത്തിയത്. എന്നാല്‍, മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു അമ്മയുടെ നിലപാട്. ആദ്യ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവർ പ്രതികളാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.

രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. തിരുവനന്തപുരം സി.ബി.ഐ യൂനിറ്റ് ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. ബലാത്സംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബു എന്ന പ്രതിക്കെതിരെ എസ്.സി/ എസ്.ടി വകുപ്പും ചുമത്തിയിട്ടുണ്ട്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന വാദം സി.ബി.ഐയും തള്ളിയത്. 

കോടതി ഇടപെടലിൽ സന്തോഷം -കുട്ടികളുടെ അമ്മ

സി.ബി.ഐ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കുട്ടികളുടെ അമ്മ. നേരത്തേ കേസ് അന്വേഷിച്ച പൊലീസ് ചെയ്തതുതന്നെയാണ് സി.ബി.ഐയും ചെയ്തത്. പുനരന്വേഷണത്തിലൂടെ സത്യത്തിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ സംഘം കേസ് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.




Tags:    
News Summary - Court verdict on walayar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.