സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു -വനിത കമീഷൻ

വസ്ത്രധാരണം പോലെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണർത്തുന്നുവെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി.

സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നിർഭാഗ്യകരമാണ്. "പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല'', എന്നാണ് ഉത്തരവിൽ പറയുന്നത്.

ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല.

തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുമ്പ് തന്നെ ഇത്തരം പരാമ‍ർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഗുജറാത്ത് വംശഹത്യാ കാലത്ത് നടന്ന ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതെ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ വീണ്ടുവിചാരം അത്യാവശ്യമാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Court legitimization of violence against women is a cause for concern -Women's Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.