തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ചാൻസലർ കൂടിയായ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഗവർണർ പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായിരുന്ന വി. സദാശിവത്തിന് വി.ആര്‍. കൃഷ്ണയ്യര്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു സുപ്രീംകോടതിക്കെതിരെ ഗവർണറുടെ പരസ്യ വിമർശനം.
വി.സിയെ നിയമിക്കാൻ ചാൻസലർക്കാണ് അധികാരം. യു.ജി.സി ചട്ടവും കണ്ണൂർ വി.സി നിയമന കേസിലെ സുപ്രീംകോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോൾ കോടതി ഇത് പരിഗണിക്കാത്തത് ശരിയല്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല. അത്തരം സംഭവങ്ങൾ ഈയിടെ ഉണ്ടായി. നിയമനിർമാണസഭകളെ ബഹുമാനിക്കണം. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് കോടതികൾക്ക് എങ്ങനെ വരുന്നുവെന്നാണ് പ്രശ്നം.
എന്തിനാണ് സെർച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാൻസലർക്കാണ്. മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുത്. നാളെ തെരഞ്ഞെടുപ്പ് കമീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ‘യതോ ധർമ സ്തതോ ജയഃ’, ഇതാവണം കോടതി. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറും ഗവർണറും തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു. റിട്ട. ജസ്റ്റിസ് സുദാൻഷു ധൂലിയ അധ്യക്ഷനായ സെർച് കമ്മിറ്റികൾ തയാറാക്കിയ പാനലിൽനിന്ന് വി.സി നിയമനം നടത്തുന്നതിൽ സർക്കാറും ഗവർണറും സമവായത്തിലെത്തിയിരുന്നില്ല. തുടർന്ന് വി.സി നിയമനം ഏറ്റെടുത്ത സുപ്രീംകോടതി ധൂലിയ സമിതിയോട് മുൻഗണന നിശ്ചയിച്ചുള്ള പേരുകൾ മുദ്രവെച്ച കവറിൽ നൽകാൻ നിർദേശിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഗവർണറുടെ വിമർശനം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.