കൊച്ചി: വികസനവുമായി ബന്ധപ്പെട്ടതടക്കം നയപരമായ തീരുമാനത്തിന്‍റെ ഭാഗമായി സർക്കാറിന് സർവേ നടത്താമെങ്കിലും പൊതുഫണ്ട് ദുർവിനിയോഗമുണ്ടായാൽ പരിശോധിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി. നവകേരള സർവേ തീരുമാനം നയപരമായതിനാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന വാദം തള്ളിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ നിരീക്ഷണം.
സി.പി.എം തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പാർട്ടി കേഡറുകളെയടക്കം വെച്ച് സർവേ നടത്തിയതെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. മതിയായ യോഗ്യതയുള്ളവർ ചെയ്യേണ്ട സങ്കീർണമായ സർവേ നടപടികളാണ് കർമ സേനയുടെ പേരിൽ വളണ്ടിയർമാരെ ഏൽപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ഹരജിക്കാരുടെ ആരോപണം തള്ളാനാകില്ലെന്നും സർവേ റദ്ദാക്കിയ ഉത്തരവിൽ പറയുന്നു.
പാർട്ടി സർക്കുലറും സർക്കാർ പദ്ധതിയും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നായിരുന്നു കേസിൽ കക്ഷി ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ വാദം. പാർട്ടി അണികൾ ഇടത് സർക്കാറിന്റെ പദ്ധതിയുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി. മന്ത്രിസഭാ തീരുമാന പ്രകാരമാണ് സർവേ നടത്തിയതെന്നും സാമ്പത്തിക അനുമതിയോടെയാണ് തുക വകയിരുത്തിയതെന്നുമായിരുന്നു സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറലിന്‍റെ വാദം.
സന്നദ്ധ സേവനമായിരുന്നുവെന്നും വളണ്ടിയർമാർക്ക് പ്രതിഫലം നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. മന്ത്രിസഭാ തീരുമാനം നിയമസഭയിൽ വെക്കേണ്ടതാണെന്നും മന്ത്രിമാർ കൂട്ടുത്തരവാദത്തോടെ പ്രവർത്തിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുഫണ്ട് വിനിയോഗിക്കുമ്പോൾ റൂൾസ് ഓഫ് ബിസിനസ് കൃത്യമായി പാലിക്കാൻ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.