സ്വകാര്യ ബസുകൾക്ക്​ താൽക്കാലിക ദീർഘദൂര സർവിസ്​ പെർമിറ്റിന്​​​ ഹൈകോടതി അനുമതി

കൊച്ചി: സ്വകാര്യ ബസുകൾക്ക്​ ദീർഘദൂര സർവിസിന്​ താൽക്കാലികമായി പെർമിറ്റ്​ പുതുക്കി നൽകാൻ ഹൈകോടതിയുടെ അനുമതി. ദീർഘദൂര സ്വകാര്യ ബസ്​ സർവിസുകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ പെർമിറ്റുള്ള ബസുടമകൾ നൽകിയ ഹരജിയിൽ ദീർഘദൂര സർവിസിന്​ സിംഗിൾ ബെഞ്ച്​ നേരത്തേ അനുമതി നൽകിയിരുന്നു.

ഇതിനെതിരെ കെ.എസ്​.ആർ.ടി.സി നൽകിയ അപ്പീൽ ഹരജിയിൽ, മുമ്പ്​ പുറപ്പെടുവിച്ച സ്​റ്റേ ഉത്തരവ്​ ഭേദഗതി ചെയ്​താണ്​​ ദീർഘ ദൂര സർവിസിന്​ പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക്​ ഡിവിഷൻ ബെഞ്ചും അനുമതി നൽകിയത്​. മേയ്​ 23ന്​ ഹരജി വീണ്ടും പരിഗണിക്കും.

സ്വകാര്യബസുകൾക്ക്​ 140 കിലോമീറ്ററിലധികം സർവിസ്​ ദൂരം അനുവദിക്കാത്ത വിധം ഓർഡിനറി ലിമിറ്റഡ്​ സ്​റ്റോപ്​ ആക്കി 2020 ജൂലൈയിൽ ഗതാഗത വകുപ്പ്​ പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യം ചെയ്താണ്​ നേരത്തേ സ്വകാര്യ ബസുടമകൾ ഹൈകോടതിയെ സമീപിച്ചത്​. താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിംഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അത് അന്തിമമാക്കി ഹരജി തീർപ്പാക്കുകയും ചെയ്തു.

പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക്​ ദീർഘദൂര സർവിസ്​ നടത്താനും പെർമിറ്റുകൾ പുതുക്കിനൽകാനും നിർദേശിക്കുന്ന സിംഗിൾ ബെഞ്ച്​ ഉത്തരവ്​ 2022 ജനുവരി 12നാണ്​ ഉണ്ടായത്​. ഇതിനെതിരെ സർക്കാർ നൽകിയ അ​പ്പീൽ ഹരജിയിൽ​ സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ ഡിവിഷൻ ബെഞ്ച്​ ഇടക്കാല സ്​റ്റേ അനുവദിച്ചു. ഈ സ്​റ്റേയാണ്​​​ ഇപ്പോൾ നീക്കിയത്​. സ്​റ്റേ ഉത്തരവിനെത്തുടർന്ന്​ പെർമിറ്റ്​ പുതുക്കാനാവാതെ പോയ സ്വകാര്യ ബസുടമകളുടെ ഹരജികളും ഇതോടൊപ്പം പരിഗണിച്ചു.

നിലവിൽ​ പെർമിറ്റുള്ളവർക്ക്​ അടുത്ത ഉത്തരവുവരെ സർവിസ്​ തുടരാമെന്നും പുതുക്കാനുള്ള അപേക്ഷകൾ സിംഗിൾ ബെഞ്ച്​ ഉത്തരവുപ്രകാരം കൈകാര്യം ചെയ്യണമെന്നും ജസ്റ്റിസ്​ എ. മുഹമ്മദ്​ മുഷ്താഖ്​, ജസ്റ്റിസ്​ ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു. 

Tags:    
News Summary - High Court approves temporary long distance service permit for private buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.