തൃപ്പൂണിത്തുറ: ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയവരിൽ കൊച്ചിയിൽനിന്ന് ടൂർ പാക്കേജിലുണ്ടായിരുന്ന ദമ്പതികളായ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗർ ശ്രീനാരായണീയത്തിൽ നാരായണൻ നായർ (67), ശ്രീദേവി പിള്ള (62) എന്നിവർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. ഇവരുടെ പുണെയിൽ ജോലി ചെയ്യുന്ന മകൻ ശ്രീരാമാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്.
ചൊവ്വാഴ്ച ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് ടൂർ പാക്കേജിൽ പോയിരുന്ന മലയാളി കുടുംബങ്ങളുടെ ബന്ധുക്കളും അയൽവാസികളും ആശങ്കയിലായത്. 28 മലയാളികളാണ് വിനോദയാത്ര പോയത്. ഇതിൽ 20 മുംബൈ മലയാളികളും എട്ടുപേർ കേരളത്തിൽ നിന്നുള്ളവരുമായിരുന്നു.
അപകടമറിഞ്ഞ് നാരായണൻ നായരുടെയും ശ്രീദേവി പിള്ളയുടെയും ബന്ധുക്കളും അയൽവാസികളും ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ ആശങ്കയേറി. ബന്ധുക്കളുടെ ഒരുദിവസത്തെ ആശങ്കക്ക് വിരാമമിട്ടാണ് ശ്രീരാമിന്റെ മെസേജ് എത്തിയത്. ഉടനെ ശ്രീരാമിനെ വിളിച്ച് വിവരം ഉറപ്പിക്കുകയായിരുന്നുവെന്ന് അയൽവാസി ശോഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.