ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; സുസജ്ജമായി തലസ്ഥാനം

തിരുവനന്തപുരം: 2024 ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലാ ഭരണകൂടം സുസജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കലക്ടറുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക് സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലാ തലത്തില്‍ നടത്തിയിട്ടുള്ളത്.

രണ്ട് ലോക് സഭാ മണ്ഡലങ്ങളുടെ കീഴില്‍ 14 നിയമസഭാ മണ്ഡലങ്ങളിലായി 14 ഉപ വരണാധികാരികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനായി ടാബുലേഷന്‍, ഐ.ടി. ആപ്ലിക്കേഷന്‍സ്, സെക്യൂരിറ്റി ക്രമീകരണങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്താന്‍ പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.

തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയസ് കോംപൌണ്ടിലെ 11 ലൊക്കേഷനുകളിലായി 16 സെന്ററുകളിലാണ് ആറ്റിങ്ങല്‍, തിരുവനന്തപുരം പാര്‍ലമെന്ററി മണ്ഡലങ്ങളുടെ ഇ.വി.എം, പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ത്രിതല പൊലീസ് ബന്തവസ് സംവിധാനമുള്ള ഈ കേന്ദ്രങ്ങളെല്ലാം സി.സി.ടി.വി നിരീക്ഷണത്തിലാണ്. വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കി. ഇ.വി.എം, പോസ്റ്റല്‍ ബാലറ്റ്, ഇ.ടി.പി.ബി.എസ്, പാരലല്‍ കൗണ്ടിങ് എന്നീ ടേബിളുകളില്‍ 20 സതമാനം റിസർവ് ഉള്‍പ്പെടെ ആകെ 1200 കൌണ്ടിംഗ് ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടാവുക.

തിരുവനന്തപുരം മണ്ഡലത്തിലെ നേമം, കഴക്കൂട്ടം ഒഴികെ മറ്റെല്ലാ എല്‍.എ സെഗ്മെന്റുകള്‍ക്കും 14 കൌണ്ടിംഗ് ടേബിളുകളും നേമം, കഴക്കൂട്ടം എല്‍എസികള്‍ക്ക് 12 ടേബിളുകള്‍ വീതവും ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്ലാ എല്‍എസികള്‍ക്കും 14 കൗണ്ടിങ് ടേബിളുകള്‍ വീതവും സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് ആറ്റിങ്ങല്‍ മണ്ഡലത്തിലത്തിനായി 38 ഉം തിരുവനന്തപുരത്തിന് 34 ഉം ടേബിളുകകള്‍ ക്രമീകരിച്ചിട്ടുണ്ട്. സര്‍വ്വീസ് വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിന് ഇരു ലോക്‌സഭാ മണ്ഡലങ്ങള്‍ക്കും 10 വീതം ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കൗണ്ടിങ് നടപടിക്രമങ്ങള്‍ വീക്ഷിക്കാന്‍ കൗണ്ടിങ് ഏജന്റുമാര്‍ക്ക് എല്ലാ കേന്ദ്രങ്ങളിലും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. വി.വി.പാറ്റ് സ്ലിപുകള്‍ എണ്ണുന്നതിന് ഓരോ എല്‍.എ സെഗ്മെന്റിനും ഒന്ന് എന്ന രീതിയില്‍ 14 വിവിപാറ്റ് കൗണ്ടിങ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് വീക്ഷിക്കുന്നതിന് ഏജന്‍ മാര്‍ക്ക് സൌകര്യവും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് എല്ലാ സ്ഥാനാർഥികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇ.വി.എം കൗണ്ടിങ് ടേബിള്‍, റിട്ടേണിങ് ഓഫീസര്‍ ടേബിള്‍, പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ എന്നിവിടങ്ങളില്‍ സ്ഥാനാർഥികള്‍ കൗണ്ടിങ് ഏജന്റമാരെ നിയമിച്ചിട്ടുമുണ്ട്. കൗണ്ടിങ് ഏജന്റുമാര്‍ക്കുള്ള ഐ.ഡി കാര്‍ഡ്, പാസ് എന്നിവ റിട്ടേണിങ് ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്തു കഴിഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കും, പാസ് ഉള്ള വാഹനങ്ങള്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകൂ. മാര്‍ ഇവാനിയോസ് കോളജ് ഗ്രൌണ്ട്, സർവോദയ ഐ.സി.ഐ.സി.ഐ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളി ലാണ് വാഹന പാർക്കിങ്. വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, കാമറ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നിരോധിച്ചു. ഓരോ കൗണ്ടിങ് സെന്ററിനു പുറത്തും ക്ലോക്ക് റൂമുകള്‍ ഉണ്ടാകും.

പ്രവേശന കവാടം മുതല്‍ പ്രത്യേക ചൂണ്ടുപലകകള്‍, കൗണ്ടിങ് സംബന്ധമായ സംശയങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക് എന്നിവയും ഉണ്ടാകും. വോട്ടെണ്ണല്‍ ഫലം വേഗത്തില്‍ ഇലക്ഷന്‍ കമീഷന്റെ വെബ്‌സൈറ്റില്‍ നല്‍കാന്‍ ഐ.ടി ഉപകരണങ്ങള്‍ അടക്കമുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് വോട്ടെണ്ണല്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സംവിധാനവുമുണ്ട്. കുടുംബശ്രീ വഴി കുടിവെള്ളം, ഭക്ഷണം എന്നിവയും ക്രമീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - Counting of Lok Sabha Elections; Well equipped capital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.