പ്രണയക്കൊല, കോവിഡ്​ സാഹചര്യം: കോളജ്​ കാമ്പസുകളിൽ കൗൺസലിങ്​ കേന്ദ്രങ്ങൾ സജ്ജമാക്കും

തിരുവനന്തപുരം: പ്രണയക്കൊലയും മറ്റും ഉണ്ടാക്കിയ ഉൽക്കണ്ഠാകരമായ അന്തരീക്ഷവും കോവിഡ് സാഹചര്യം വിദ്യാർഥികളുടെ മാനസികനിലയെ വല്ലാതെ ബാധിച്ചതും കണക്കിലെടുത്ത്​ സംസ്​ഥാനത്തെ കാമ്പസുകളിൽ കൗൺസലിങ്​ കേന്ദ്രങ്ങൾ സജ്ജമാക്കും. ഇതുസംബന്ധിച്ച് വിശദമായ സർക്കുലർ ഉടൻ ഉണ്ടാകുമെന്ന്​ ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണമായും തുറന്നുപ്രവർത്തിക്കുന്നതിന് മുന്നോടിയായി പ്രിൻസിപ്പൽമാരെ പങ്കെടുപ്പിച്ചു നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച വിശദമായ ക്ലാസോടെ വേണം അധ്യയനത്തുടക്കമെന്ന്​ മന്ത്രി പറഞ്ഞു. അതോടൊപ്പം, ലിംഗപദവി കാര്യത്തിലും വിശദമായ ക്ലാസുകൾ വേണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ പരാതി പരിഹാര സെല്ലിന്‍റെയും മറ്റും ചുമതലയുള്ള അധ്യാപകർക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആഭിമുഖ്യത്തിൽ കേന്ദ്രീകരിച്ച ക്ലാസുകൾ ഉടനുണ്ടാകും.

കോവിഡ് അവലോകന സമിതിയുടെ നിർദേശങ്ങൾക്ക് കീഴ്പെട്ടു മാത്രമേ കാമ്പസുകൾക്ക് പ്രവർത്തിക്കാനാവൂയെന്ന്​ മന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കും. എല്ലാ കാമ്പസുകളിലും കോവിഡ് ജാഗ്രത പാലിക്കപ്പെടണം. ജാഗ്രതാ സമിതികൾ എല്ലാ കാമ്പസുകളിലും രൂപവത്​കരിച്ചിട്ടുണ്ട്. ആവശ്യമായ കൂടിയാലോചനകൾ ഈ സമിതികൾ നടത്തണം. ക്ലാസ് മുറികളും വിദ്യാർഥികൾ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യണം. ഒന്നാം വർഷ വിദ്യാർഥികൾ വരുംമുമ്പ് അത് നടന്നിട്ടുണ്ടാകും. എങ്കിലും ഒരിക്കൽക്കൂടി ഉറപ്പുവരുത്തണം.

വാക്‌സിനേഷൻ ഡ്രൈവ് മികച്ച രീതിയിൽ എല്ലാ കോളേജുകളിലും നടക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കായി ഈ യത്നം കൂടുതൽ ശക്തമായി നടത്തണം. ഇനി വരുന്ന ഏതാനും ദിവസങ്ങൾ അവധിദിനങ്ങളാണ്. വാക്‌സിനേഷൻ ഡ്രൈവ് ഈ ദിവസങ്ങളിൽ കാര്യമായി നടക്കാൻ സ്ഥാപനമേധാവികൾ മുൻകൈ എടുക്കണം. ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. ലൈബ്രറികളും ലാബുകളും കുറെ കാലമായി അടഞ്ഞുകിടക്കുകയാണ്. പുതുതായി വരുന്ന എല്ലാ കുട്ടികൾക്കും അവ ഉപയോഗിക്കാൻ അവസരമുണ്ടാക്കണം.

പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികൾ മുൻകൈയെടുക്കണം. നാക് മാനദണ്ഡങ്ങൾ പാലിക്കപെടുമെന്ന് ഉറപ്പാക്കാൻ നല്ല പരിശ്രമം ഉണ്ടാവണം. എ പ്ലസ് ഗ്രേഡുകൾതന്നെ നേടണമെന്ന നിലയ്ക്കാവണം പരിശ്രമം. ടൂറിനു പോകാനുള്ള കുട്ടികളുടെ ആവശ്യവുമായി നിരവധി രക്ഷിതാക്കളുടെ വിളികൾ വരുന്നുണ്ട്. കോവിഡിന് പുറമെ, ശക്തമായ മഴയുടെയും ഉരുൾപൊട്ടലിന്‍റെയും അന്തരീക്ഷമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രകൾ അഭിലഷണീയമല്ലെന്നും വേണ്ടെന്നും കുട്ടികളോട് പറയണമെന്നും മന്ത്രി നിർദേശിച്ചു. കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്‌ടർ വിഘ്‌നേശ്വരി, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടർ ഡോ. ബൈജു ബായ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Counselling centres will start in college campuses soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.