കള്ളിൽ ചുമമരുന്ന്; സാമ്പിൾ ശേഖരിച്ചത് കഴിഞ്ഞ ജൂലൈയിൽ, ഫലം വന്നത് 11 മാസം കഴിഞ്ഞ്

ചിറ്റൂർ (പാലക്കാട്): ചിറ്റൂരിൽ നിന്ന് പരിശോധനക്കെടുത്ത കള്ളിന്റെ സാമ്പിൾ ഫലം വന്നത് 11 മാസത്തിന് ശേഷം. 2024 ജൂലൈ 26ന് എക്സൈസ് പരിശോധനക്കെടുത്ത സാമ്പിളിന്റെ ഫലമാണ് കഴിഞ്ഞദിവസം ലഭിച്ചത്. ഇതിലാണ് ചുമ മരുന്നായ ബെനാട്രിൽ സാന്നിധ്യം കണ്ടെത്തിയത്.

എറണാകുളം കാക്കനാട്ടേക്കാണ് പാലക്കാട് നിന്നുള്ള കള്ള് പരിശോധനക്ക് അയക്കുന്നത്. കഴിഞ്ഞവർഷം ലൈസൻസ് നൽകി ആദ്യ മാസങ്ങളിൽ തന്നെ പരിശോധനക്കെടുത്ത സാമ്പിളിന്റെ ഫലം വന്നത് പുനർലേലം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞ ശേഷമാണ്. നിലവിൽ ചിറ്റൂർ റേഞ്ചിൽ ആറാം ഗ്രൂപ്പിലെ നവകോട് ഷാപ്പ് പുതിയ ലൈസൻസിയാണ് ലേലം ചെയ്തെടുത്തിരിക്കുന്നത്. അതിനാൽ മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കാര്യമായ നടപടിയെടുക്കാൻ എക്സൈസ് വകുപ്പിനാകില്ല.

സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സർക്കാർ ലബോറട്ടറികൾ പ്രവർത്തിക്കുന്നത്. പൊലീസ്, ഭക്ഷ്യസുരക്ഷ വകുപ്പ്, എക്സൈസ് തുടങ്ങിയവയുടെ സാമ്പിൾ പരിശോധിക്കേണ്ടി വരുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്ന് അധികൃതർ പറയുന്നു. പരിശോധനാഫലം വൈകുന്നതിനാൽ വ്യാജകള്ള് വ്യാപകമായി വിറ്റഴിക്കപ്പെടുകയാണ്. ചിറ്റൂരിൽ നിന്നാണ് വിവിധ ഭാഗങ്ങളിലേക്ക് കള്ള് കയറ്റിപ്പോകുന്നത്.

തെക്കൻ ജില്ലകളിലേക്ക് പോകുന്ന കള്ളിന്റെ സാമ്പിൾ എടുക്കുന്നത് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തും വടക്കൻ ജില്ലകളിലേക്കുള്ളവ പരിശോധിക്കുന്നത് പറളിയിലുമാണ്. എന്നാൽ, പരിശോധന പ്രഹസനമാണെന്ന ആക്ഷേപം ശക്തമാണ്. സാമ്പിളുകളിൽ ഇതുവരെയും കലർപ്പ് കണ്ടെത്താനായിട്ടില്ല. എന്നാൽ, അതിർത്തിയിൽ സ്പിരിറ്റ് പതിവായി പിടികൂടുന്നുമുണ്ട്.

Tags:    
News Summary - Cough medicine in toddy; Sample collected last July, results came 11 months later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.