പ്രതീകാത്മക ചിത്രം

അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ഓറഞ്ച് അലർട്ട്: ജൂൺ 29-ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ജൂൺ 30-ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.

യെല്ലോ അലർട്ട്: ജൂൺ 29-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ജൂൺ 30-ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ടാണ്. ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയും പ്രവചിക്കുന്നു. 64.5 mm മുതൽ 115.5 mm വരെയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന മഴ.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങൾ

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
  •  നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.
  • ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും പോസ്റ്റുകൾ തകർന്നു വീഴാനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.
  • ശക്തമായ മഴയിൽ നദികൾ മുറിച്ചുകടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻ പിടിക്കാനോ ഇറങ്ങാൻ പാടില്ല.
  • അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം.
  • ജലാശയങ്ങൾക്ക് മുകളിൽ മേൽപ്പാലങ്ങളിൽ കയറി സെൽഫി എടുക്കുന്നതും കൂട്ടം കൂടി നിൽക്കുന്നതും കർശനമായി നിരോധിച്ചു.
  • അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണം.
  • ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അടിയന്തരമായി ഒരു 'എമർജൻസി കിറ്റ്' തയ്യാറാക്കി വെക്കേണ്ടതാണ്.
  • അടിയന്തര സാഹചര്യങ്ങളിൽ താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകളുമായി ബന്ധപ്പെടാം. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്. കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Tags:    
News Summary - India Meteorological Department (IMD) predicts heavy rain to continue for five days; Yellow and Orange alerts issued in various districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.