കൊവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് കുഴിയിലേക്ക് തള്ളുന്ന വിഡിയോ പുറത്ത്

ബംഗളുരൂ: കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിയിലേക്ക് വലിച്ചിടുന്ന വീഡിയോ പുറത്ത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ എട്ട് മൃതശരീരങ്ങള്‍ ഒരുമിച്ച് ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞ് കുഴിച്ചുമൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. പി.പി.ഇ കിറ്റു ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് ദൃശ്യങ്ങളിലുള്ളത്. ജെ.സി.ബി. ഉപയോഗിച്ചുനിർമിച്ച കുഴിയിലേക്ക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ വലിച്ചിടുന്നതാണ് വീഡിയോയിൽ ഉള്ളത്.

മൃതദേഹങ്ങൾ കുഴിയിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ കെ.പി.സി.സി. പ്രസിഡന്‍റ് ഡി.കെ. ശിവകുമാറുൾപ്പെടെയുള്ള നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അന്വേഷണം നടത്തിയപ്പോൾ വിഡിയോ കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ ബെല്ലാരിയിൽ മറവുചെയ്യുന്നതിന്‍റേതാണെന്ന്കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മിഷണർ എസ്.എസ്. നകുൽ പറഞ്ഞു.

പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ പ്രോട്ടോകോൾ പാലിച്ചിരുന്നെങ്കിലും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഘത്തെ പൂർണമായി പിരിച്ചുവിട്ടെന്നും പുതിയ സംഘത്തെ നിയോഗിക്കുമെന്നും എസ്.എസ്. നകുൽ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കുടുംബാംഗങ്ങളോട് മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും സംഭവത്തെ അപലപിച്ചു. മൃതദേഹം അനാദരവോടെ മറവുചെയ്ത ജീവനക്കാരുടെ പെരുമാറ്റം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ‘ട്വീറ്റ്’ ചെയ്തു.

അതേസമയം, തിങ്കളാഴ്ച മാത്രം ജില്ലയിൽ എട്ടുപേർ കോവിഡ് ബാധിച്ച് മരിച്ചതിനാൽ ശവസംസ്കാരം എത്രയും വേഗത്തിൽ നടത്തേണ്ടതുണ്ടായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.  കോവിഡ് ബാധിച്ച് കൂടുതൽ പേർ ഒരുമിച്ച് മരിക്കുമ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വെല്ലുവിളിയാവുകയാണ്.

Tags:    
News Summary - coronavirus-karnataka-bodies-of-covid-19-victims-thrown-into-mass-grave-in-karnatakas-ballari-district-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.