ഐ.എഫ്.എഫ്.കെ വേദി മാറ്റുന്നതിനെ ചൊല്ലി വാദം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ വിവാദം. സ്ഥിരം വേദിയായ തിരുവനന്തപുരത്തുനിന്നും മാറ്റി മേള പലയിടങ്ങളിലായി നടത്തുന്നതിനെ വിമര്‍ശിച്ച് തിരുവനന്തപുരം എം.പി ശശി തരൂരും കോണ്‍ഗ്രസ് എം.എൽ.എ കെ.എസ് ശബരീനാഥനും അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ഇതിനെതിരെ ഫെസ്റ്റിവെൽ ഡയറക്ടർ കമലും ബീനാപോളുമാണ് രംഗത്തെത്തിയിരിക്കുന്നത്.

തലസ്ഥാനനഗരി ഐ.എഫ്.എഫ്.കെക്ക് മികച്ച ഒരു വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും എല്ലാറ്റിനുമുപരിയായി അറിവുള്ള ചലച്ചിത്ര സ്‌നേഹികളുടെ ആവേശകരമായ ജനക്കൂട്ടത്തേയുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും തരൂര്‍ പറയുന്നു.

കോവിഡിന്‍റെ മറവില്‍ കാലങ്ങളായി തിരുവനന്തപുരത്തു നടത്തിവരുന്ന ഐ.എഫ്.എഫ്.കെ കേരളത്തിലെ മറ്റ് നഗരങ്ങളിലായി നടത്തുവാന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്നും കോവിഡ് വരുന്നതിനു മുന്നേ തന്നെ സര്‍ക്കാര്‍ പദ്ധതി ഇട്ടിരുന്നതിന്റെ തെളിവാണ് 2016 ല്‍ മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്‌റ്റെന്നും പറഞ്ഞ് തരൂരിനെ ടാഗ് ചെയ്തുകൊണ്ട് വൈശാഖ് ചെറിയാന്‍ ഇട്ട ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ വിമര്‍ശനം.

അതേസമയം മേള തിരുവനന്തപുരത്തിന്‍റേതല്ലെന്നും കേരളത്തിന്‍റേതാണെന്നും അതിനാല്‍ത്തന്നെ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഗമാണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. ഭാവിയിൽ ഐ.എഫ്.എഫ്.കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നായിരുന്നു ശബരീനാഥന്‍ എംഎല്‍എയുടെ അഭിപ്രായം. ഈ അഭിപ്രായം തെറ്റിദ്ധാരണക്ക് ഇടയാക്കുന്നതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ചാണ് നാല് മേഖലകളിലായി മേള നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിലായാണ് മേള നടക്കുക. ഐ.എഫ്.എഫ്.കെ നാല് മേഖലകളായി നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

Tags:    
News Summary - controversy about IFFK changing venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.