തുടർഭരണം സി.പി.എം ഹൈജാക്ക് ചെയ്തു; ആഭ്യന്തരം പരാജയം -സി.പി.ഐ ജില്ല സമ്മേളനം

തൃശൂർ: ഇടതുസർക്കാറിന്‍റെ തുടർഭരണം സി.പി.എം ഹൈജാക്ക് ചെയ്തുവെന്നും പിണറായിക്ക് പിന്തുണ നൽകുന്ന തരത്തിലാണ് സി.പി.ഐയുടെ മന്ത്രിമാർപോലും പ്രവർത്തിക്കുന്നതെന്നും സി.പി.ഐ തൃശൂർ ജില്ല സമ്മേളനത്തിൽ വിമർശനം. ഇത് പാർട്ടിക്ക് നാണക്കേടാണ്.

ഒന്നാമൂഴത്തിന്റെ സദ്ഫലങ്ങളെ ശക്തിപ്പെടുത്തി അതിന്റെ അടിത്തറയിൽ ഒരു നവകേരളം പടുത്തുകർത്തുകയെന്നതാണ് രണ്ടാം ജനകീയ സർക്കാറിന്റെ ലക്ഷ്യം. എന്നാൽ, രണ്ടാമൂഴം ലഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് സമ്മേളന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഇടതുമുന്നണിയെ ശക്തമാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും സ്വന്തം പാർട്ടിയെ ചെറുതാക്കിക്കാണുന്നത് ശരിയല്ലെന്നും മണ്ഡലം കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ വിമർശിച്ചു. സർക്കാറിലും ഘടകകക്ഷി വകുപ്പുകളിലും സി.പി.എം ഏകാധിപത്യപ്രവണത കാണിക്കുന്നതായി ജില്ല സമ്മേളന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് പരാജയമാണ്.

ഇടതുമുന്നണിയുടെ നയമമനുസരിച്ചല്ല പൊലീസ് പ്രവർത്തിക്കുന്നത്. നീതികിട്ടുന്നില്ലെന്ന ജനങ്ങൾക്കിടയിലെ ആരോപണം സർക്കാറിന് ചീത്തപ്പേരുണ്ടാക്കുന്നു. വകുപ്പ് മന്ത്രിമാരുടെ പ്രവർത്തനങ്ങളും മെച്ചമല്ല. കെ. രാജന്‍റെ വകുപ്പ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോഴും സി.പി.ഐയുടെ മറ്റ് മന്ത്രിമാരുടെ പ്രവർത്തനം മികച്ചതായി കണക്കാക്കാൻ പറ്റുന്നില്ല.

ആനി രാജയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ എം.എം. മണി പ്രസംഗിച്ചിട്ടും അതു ചെറുക്കുന്നതിനുപകരം പാർട്ടി സംസ്ഥാന സെക്രട്ടറി ആനി രാജയെ വിമർശിച്ചത് ശരിയായില്ല. നേതൃത്വത്തിൽനിന്ന് സംഘടനാപരമായി വലിയ വീഴ്ചയാണുണ്ടായതെന്നും കാനം രാജേന്ദ്രന്‍റെ സാന്നിധ്യത്തിൽ പ്രതിനിധികൾ വിമർശിച്ചു.

Tags:    
News Summary - Continuity has been hijacked by CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.