വർക്കല പാപനാശം തീരത്തടിഞ്ഞ കണ്ടെയ്നർ
ആറ്റിങ്ങൽ/വർക്കല/കഴക്കൂട്ടം: കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളും പാഴ്സലുകളും തിരുവനന്തപുരം തീരത്തും കരയ്ക്കടിഞ്ഞു. വർക്കല, മുതലപ്പൊഴി, അഞ്ചുതെങ്ങ്, തുമ്പ എന്നിവിടങ്ങളിലാണ് കണ്ടെയ്നറുകളുടെ ശേഷിപ്പുകൾ ചൊവ്വാഴ്ച രാവിലെ തീരത്തടിഞ്ഞത്. കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു പാഴ്സലുകൾ ആദ്യം. മുതലപ്പൊഴിയിൽ 55ഓളം ചാക്കുകളാണ് അടിഞ്ഞത്.
ഏതാണ്ട് 25 കിലോ വരുന്ന വെളുത്ത ചാക്കുകളാണ് ഓരോന്നും. പ്ലാസ്റ്റിക് ഉപകരണങ്ങളുടെയും വൈദ്യ ഉപകരണങ്ങളുടെയും നിർമാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുവായ പോളി എഥിലീനുകളാണ് പാഴ്സലുകളിലെന്നാണ് വിലയിരുത്തൽ. പല ചാക്കുകളും പൊട്ടി ഉള്ളിലുള്ളവ തീരത്തും കടലിലും ചിതറിയ നിലയിലാണ്. വെളുത്ത നിറത്തിൽ മുത്തുപോലെയാണ് ഇവ തീരത്ത് ചിതറിക്കിടക്കുന്നത്.
വർക്കലയിൽ 60 പോളി എഥിലീൻ ചാക്കുകൾക്ക് പുറമേ സുരക്ഷിതമായി പാഴ്സലുകൾ അയയ്ക്കുന്നതിന് ഉപയോഗിക്കുന്ന 13 കോട്ടൺ പാക്കുകളും കരയ്ക്കടിഞ്ഞു. അതേ സമയം പോളി എഥിലീൻ മനുഷ്യന് അപകടകരമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ വ്യക്തമാകി. ഇവ വെള്ളം മലിനമാക്കിയോ എന്നറിയുന്നതിന് സാമ്പിൾ പരിശോധനയും നടത്തും. ചാക്കുകൾക്കൊപ്പം കരയ്ക്കടിഞ്ഞവയിൽ തടികളും കണ്ടെയ്നറുകളുടെ ലോഹഭാഗങ്ങളുമുണ്ട്.
തലസ്ഥാനത്ത് ഒമ്പത് കണ്ടെയ്നറുകളാണ് അടിഞ്ഞത്. ഇതിൽ തുമ്പ സെന്റ് ആൻഡ്രൂസ് കടപ്പുറത്ത് തകരാത്ത നിലയിൽ സീൽ ചെയ്ത കണ്ടെയ്നർ കണ്ടെത്തി. തീരത്ത് നിന്ന് 20 മീറ്റർ അകലെ കടലിലാണ് കണ്ടെയ്നർ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വർക്കല തീരമേഖലയിൽ കണ്ടെയ്നറുകൾ കാണപ്പെട്ടത്. മാന്തറ, ഓടയം, പാപനാശം എന്നിവിടങ്ങളിൽ കണ്ടെയ്നറുകൾ തീരത്തെ പാറക്കെട്ടുകളിലേക്ക് അടിച്ചുകയറുന്നത് മൽസ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവയെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. തീരത്തടിഞ്ഞ മൂന്ന് കണ്ടെയ്നറുകളുടെയും അകം ഏതാണ്ട് ശൂന്യമാണ്.
കണ്ടെയ്നറുകൾ അടിച്ചുകയറിയ തീരങ്ങളിലെല്ലാം പുലർച്ചെ തന്നെ വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. കറുത്ത വാവ് ദിവസമായതിനാൽ പാപനാശം തീരത്ത് ബലി തർപ്പണത്തിനെത്തിയ ഭക്തരും ആദ്യം ഭയപ്പാടിലായെങ്കിലും ബലി തർപ്പണ ചടങ്ങുകൾക്ക് തടസ്സമൊന്നും ഉണ്ടായില്ല. ട്രോളിങ് നിരോധനത്തിന് ആഴ്ച മാത്രം ബാക്കിനിൽക്കെ കടലിൽ കപ്പൽ മറിഞ്ഞത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആശയക്കുപ്പത്തിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കേരള തീരത്തെ ചരക്കുനീക്കത്തിൽ സുപരിചിതമായി ‘എം.എസ്.സി’ എന്ന മൂന്നക്ഷരം മാറുന്നതിനിടയിലുണ്ടായ അപകടം കണ്ടെയ്നർ കപ്പൽ സർവിസ് രംഗത്തെ ആഗോള ഭീമന് നൽകിയത് വലിയ തിരിച്ചടി. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾ സ്വന്തമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൊച്ചിയിലെ അപകടം സാമ്പത്തികമായി വലിയ നഷ്ടമല്ലെങ്കിലും ഇന്ത്യൻ തീരത്തെ ചരക്കുനീക്കത്തിൽ നിലവിൽ വലിയ പങ്ക് വഹിക്കുന്ന സ്ഥാപനം നിരവധി ചോദ്യങ്ങൾ നേരിടുന്നു. വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങുകയും കൂടുതൽ കപ്പലുകൾ കേരളതീരത്ത് കൂടി കടന്നുപോകാൻ വഴിയൊരുങ്ങുകയും ചെയ്തിരിക്കെ, ചരക്കുകപ്പലുകൾ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. വിഴിഞ്ഞം പോലുള്ള തുറമുഖങ്ങളിൽ മദർഷിപ്പുകളിലെത്തിക്കുന്ന കണ്ടെയ്നറുകൾ മറ്റ് തുറമുഖങ്ങളിലേക്കെത്തിക്കുന്ന എം.എസ്.സിയുടെ ഫീഡർ കപ്പലാണ് കൊച്ചി പുറംകടലിൽ മുങ്ങിത്താണത്.
155 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജനീവ ആസ്ഥാനമായ മെഡിറ്ററേനിയന് ഷിപ്പിങ് കമ്പനിക്ക് 860 കപ്പലുകളുണ്ട്. കേരളത്തിന് പരിചിതമല്ലാത്ത വലിയ ആഘാതമാണ് കപ്പൽ അപകടത്തിൽപെട്ടതോടെ ഉണ്ടായത്. സമുദ്രമാർഗമുള്ള ചരക്കുകടത്തിൽ ഇത്തരം അപകടങ്ങളുണ്ടാകാറുണ്ടെന്ന് പറയുമ്പോഴും കേരളം പോലെ കടലും അതിലെ സുരക്ഷയും അതിപ്രധാനമായ സംസ്ഥാനത്ത് അപകടങ്ങൾ ഒഴിവാക്കൽ പ്രധാനമാണ്. കേരള തീരത്തുണ്ടായ അപകടം ഗൗരവമായി കാണുന്നെന്നാണ് എം.എസ്.സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ പ്രതികരണം. അപകട പശ്ചാത്തലത്തിൽ കമ്പനി പ്രതിനിധികൾ കേരളത്തിലെ തീരമേഖല സന്ദർശിക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ എത്തിയ കപ്പലുകളിലധികവും എം.എസ്.സിയുടേതാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ‘ജേഡ്’ സർവിസിൽ വിഴിഞ്ഞത്തേയും കമ്പനി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ലോകത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് സർവിസിൽ വലിയ കപ്പലുകൾക്ക് ബെർത്ത് ചെയ്യാൻ കഴിയുന്നതും ഉയർന്ന തോതിൽ കണ്ടെയ്നറുകൾ കൈമാറ്റം ചെയ്യാൻ കഴിയുന്നതുമായ തുറമുഖങ്ങളെയാണ് എം.എസ്.സി ഉൾപ്പെടുത്തിയത്. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കോൺക്ലേവിൽ കമ്പനി മേധാവികളായ മിഷേലെ അവേസയും ഗെയ്താനോ എസ്പൊസിതോയും പങ്കെടുത്തിരുന്നു.
കൊല്ലം: ആഴക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിൽനിന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കുന്ന നടപടികൾ ആരംഭിച്ചു. അതേസമയം, സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുവരാനും കണ്ടെയ്നറുകൾ പല ഭാഗങ്ങളാക്കി കരയിൽ എത്തിക്കാനും കൂടുതൽ സമയം ആവശ്യമാണെന്ന് കരാർ കമ്പനികൾ അറിയിച്ചു. ഇത് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, ഒരു കണ്ടെയ്നർ കടലിലൂടെ കൊല്ലം പോർട്ടിൽ എത്തിച്ചു. ഇതിലുണ്ടായിരുന്ന പ്ലാസ്റ്റിക് ഉൽപന്ന അസംസ്കൃത വസ്തുവായ പോളി എത്തിലിൻ പാക്കറ്റുകൾ പോർട്ട് േസ്റ്റാക്ക് യാർഡിലേക്ക് മാറ്റി. ശക്തികുളങ്ങര ബീച്ചിൽ അടിഞ്ഞ കണ്ടെയ്നറുകൾ കടൽമാർഗം പോർട്ടിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് ക്രെയിൻ ഉപയോഗിച്ച് തീരത്തേക്ക് കയറ്റിവെക്കുന്ന പ്രവൃത്തിയും ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ശക്തികുളങ്ങരയിൽ ചൊവ്വാഴ്ച വൈകീട്ട് രണ്ട് കണ്ടെയ്നർ തീരത്ത് കയറ്റി.
ആറാട്ടുപുഴ: തറയിൽക്കടവ് തീരത്തടിഞ്ഞ കണ്ടെയ്നറിന്റെ ഭാഗങ്ങൾ കസ്റ്റംസിന്റെ കൊല്ലം പോർട്ടിലെ യാർഡിലേക്ക് മാറ്റി. തീരത്ത് അടിഞ്ഞ പഞ്ഞിക്കെട്ടുകളും നീക്കി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കപ്പൽ കമ്പനി ഏർപ്പെടുത്തിയ ട്രെയ്ലറിലാണ് കൊണ്ടുപോയത്.
കൊച്ചി: ശനിയാഴ്ച കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമസ്ഥരായ കമ്പനിക്ക് മലിനീകരണ ബാധ്യത സംബന്ധിച്ച് കേന്ദ്ര ഷിപ്പിങ്, തുറമുഖ മന്ത്രാലയത്തിനു കീഴിലുള്ള മെർക്കൈന്റൽ മറൈൻ ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. കൊച്ചി വിലിങ്ടൺ ഐലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര സ്ഥാപനമാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ എം.എസ്.സിക്ക് (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)കത്ത് നൽകിയത്.
1958ലെ മർച്ചൻറ് ഷിപ്പിങ് ആക്ട് പ്രകാരമാണ് മുന്നറിയിപ്പ്. ഇതനുസരിച്ച് അപകടകരമായ ഉൽപന്നങ്ങൾ കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചാണോ കൊണ്ടുവന്നത് എന്നതുൾപ്പെടെ പരിശോധിക്കും. കടലിലെ മലിനീകരണം എത്രയുംവേഗം ഇല്ലാതാക്കണമെന്നും ഇതിനായുള്ള നടപടികൾ ഊർജിതമാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. മാലിന്യ ശുചീകരണത്തിനായി കമ്പനി ഇതിനകം പ്രമുഖ സാൽവേജ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ ആഗോള വിദഗ്ധരായ ടി ആൻഡ് ടി സാൽവേജ് ആണ് കൊച്ചിയിലെ ദൗത്യങ്ങൾ ഏറ്റെടുത്തിട്ടുള്ളത്.
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ കപ്പലിൽനിന്ന് സമുദ്രത്തിലേക്ക് പടർന്ന എണ്ണപ്പാട നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തുടർച്ചയായ നിരീക്ഷണത്തിലാണെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരവരെ കേരളതീരത്ത് എവിടെയും എണ്ണപ്പാട എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും ഈ പ്രവർത്തനങ്ങളിൽ വെല്ലുവിളിയായിരുന്നു. കോസ്റ്റ്ഗാർഡിന്റെ വിക്രം, സക്ഷം, സമർഥ് എന്നീ കപ്പലുകളുപയോഗിച്ചാണ് എണ്ണപ്പാട വ്യാപനം പ്രതിരോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.