കണ്‍സ്യൂമര്‍ ഫെഡിന് 23.48 കോടി പ്രവര്‍ത്തന ലാഭം

കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡ് 2016 ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ 23.48കോടിയുടെ പ്രവര്‍ത്തന ലാഭം നേടിയതായി ചെയര്‍മാന്‍ എം. മെഹബൂബും മാനേജിങ് ഡയറക്ടര്‍ ഡോ. എം. രാമനുണ്ണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 419 കോടിയുടെ സഞ്ചിതനഷ്ടം നിലനില്‍ക്കെയാണിത്. ഡിസംബര്‍ 31ഓടെ പ്രവര്‍ത്തനലാഭം 34.6 കോടിയോളം വരും.  2009നുശേഷം ആദ്യമായാണ് പ്രവര്‍ത്തന ലാഭം നേടാനായത്. കാലങ്ങളായി നിലനില്‍ക്കുന്ന സഞ്ചിതനഷ്ടം മറികടക്കാന്‍ പല നടപടികളും സ്വീകരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 31ഓടെ നൂറുകോടിയുടെ പ്രവര്‍ത്തന ലാഭം പ്രതീക്ഷിക്കുന്നു. 2015 ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 30വരെ 13.97 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നാലുകോടിയില്‍പരം രൂപയുടെ ചെലവു കുറക്കാനും കഴിഞ്ഞു. 

ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ വഴിയാണ് ഈവര്‍ഷം കൂടുതല്‍ ലാഭം ലഭിച്ചത്. നീതി മെഡിക്കല്‍ സ്കീം, നോട്ട്ബുക്ക് യൂനിറ്റ്, ത്രിവേണി ഡിവിഷന്‍, നന്മ എന്നിവ നഷ്ടത്തിലാണ്. നീതി ഗ്യാസ്, ഫാര്‍മസി വിഭാഗങ്ങളില്‍ നേരിയ ലാഭമുണ്ടാക്കി. വിവിധ വിഭാഗങ്ങളിലായി 73.74 കോടിയാണ് ഈ വര്‍ഷം ലഭിച്ചത്. ഇതില്‍ വിവിധ ചെലവുതുകയായ 50.26 കോടി കുറച്ചിട്ടാണ് 23.48 കോടിയുടെ ഗുണം ലഭിച്ചത്. ധൂര്‍ത്തും അഴിമതിയും കുറക്കാന്‍ ഒട്ടേറെ നടപടികള്‍ പുതിയ ഭരണസമിതിക്ക് ചെയ്യാന്‍ കഴിഞ്ഞു. തൃശൂര്‍ ജില്ല സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് കുറഞ്ഞ പലിശക്ക് വായ്പയെടുത്ത് സഞ്ചിത കടം കുറച്ചു. വിവിധ ബാങ്കുകളില്‍നിന്ന് കൂടിയ പലിശക്ക് കടമെടുത്താണ് ഇത്രയും വലിയ ബാധ്യതയുണ്ടായത്. കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ നേരിട്ട് സംഭരിക്കുന്നത് ഉള്‍പ്പെടെയുള്ള ഒട്ടേറെ പദ്ധതികള്‍ ലക്ഷ്യമിടുന്നതായും ഇവര്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം കെ.വി. കൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - consumerfed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.