കോട്ടയം: ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിന് തൊട്ടുപിന്നാലെ വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കേരള കോൺഗ്രസ് പിന്തുണച്ചു. അതേസമയം, മുത്തോലി പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്ന് പ്രതിഷേധിച്ചു.
വ്യാഴാഴ്ച വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷീല തോമസ് ഒമ്പതിനെതിരെ 12വോട്ടു നേടിയാണ് വിജയിച്ചത്. കോൺഗ്രസിലെ നാല് അംഗങ്ങൾക്കൊപ്പം കേരള േകാൺഗ്രസിലെ എട്ട് അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി തുളസി ബാബുവിന് ഒമ്പത് വോട്ട് ലഭിച്ചു. താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസര്‍ എൻ.കെ. രാജീവ് വരണാധികാരിയായിരുന്നു. എൽ.ഡി.എഫുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിനെ എതിർക്കുന്ന സി.എഫ്. തോമസ് എം.എൽ.എയുടെ താൽപര്യങ്ങളാണ് മണ്ഡലത്തിൽ നടപ്പായതെന്നും പറയപ്പെടുന്നു. കേരള കോൺഗ്രസ്-കോൺഗ്രസ് സംയുക്ത പാർലമെൻററി പാർട്ടിയോഗവും നടന്നു.
കോൺഗ്രസ് ജില്ല നേതൃത്വം നിലപാട് കടുപ്പിച്ചതോടെ മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. തുടർന്ന് കേരള കോൺഗ്രസ് എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. മൂന്നിനെതിരെ ഏഴ് വോട്ടുനേടി കേരള കോൺഗ്രസിലെ ഒമ്പതാം വാർഡ് അംഗം ബീന ബേബി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടു. ബി.ജെ.പി സ്ഥാനാർഥി എൻ. മായാദേവിക്ക് മൂന്നുവോട്ട് ലഭിച്ചു. കോൺഗ്രസ് അംഗങ്ങളായ ലിസി തോമസും സ്കറിയ ജോസഫും സി.പി.എമ്മിലെ ലേഖ സാബുവും വിട്ടുനിന്നു. കോൺഗ്രസ്-കേരള കോൺഗ്രസ് ധാരണപ്രകാരം ഒന്നരവർഷത്തെ ഇടവേളക്കുശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ട. അധ്യാപകൻ ബേബിച്ചൻ ജോസഫാണ് ബീന ബേബിയുടെ ഭർത്താവ്: മക്കൾ: റിനോ ജോസഫ് (സോഫ്റ്റ്വെയർ എൻജിനീയർ), റിച്ചു (നഴ്സ്, മുംബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.