ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടിക്ക്

കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്തിനെതിരെ കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി എടുക്കും. മണ്ഡലം കമ്മിറ്റിയും പാർലമെൻററി പാർട്ടി യോഗവും സംയുക്തമായി ചേർന്ന് നടപടിക്ക് ശിപാർശ ചെയ്തതായി മണ്ഡലം നേതൃത്വം അറിയിച്ചു. വ്യാഴാഴ്ച രാത്രി ചൂരപ്പിലാൻ ഷൗക്കത്തിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദസന്ദേശം ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പാർലമെൻററി പാർട്ടിയും യോഗം ചേർന്നത്.

ശനിയാഴ്ച വൈകീട്ട് കോൺഗ്രസ് ജില്ല പ്രസിഡന്റ് വി.എസ്. ജോയ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ കമീഷനെ നിയമിച്ചിരുന്നു. കമീഷൻ തിങ്കളാഴ്ച വൈകീട്ട് തെളിവെടുപ്പിന് വരുമെന്നും തുടർന്ന് അച്ചടക്കനടപടി സ്വീകരിക്കുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മെംബർ സ്ഥാനത്തെയും അടുത്ത പ്രസിഡന്റിനെയും കുറിച്ച് തീരുമാനമെടുത്തില്ലെന്നും നേതാക്കൾ പറഞ്ഞു.ചോക്കാട് പാർട്ടി ഓഫിസിൽ ചേർന്ന മണ്ഡലം കമ്മിറ്റിയുടേയും പാർലമെൻററി പാർട്ടിയുടെയും യോഗത്തിൽ മുപ്ര ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.

എ.പി. രാജൻ, എ.പി. അബു, ബി.കെ. മുജീബ് റഹ്മാൻ, ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, നീലാമ്പ്ര സിറാജുദ്ദീൻ, പെരുമ്പള്ളി ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. അതേസമയം, പ്രശ്നം വിവാദമായതോടെ തൊട്ടടുത്ത ദിവസം തന്നെ ചൂരപ്പിലാൻ ഷൗക്കത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത പാർട്ടിയെ അറിയിച്ചിരുന്നതായി അറിയുന്നു.പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും.

Tags:    
News Summary - Congress to take disciplinary action against Chokkad Panchayath President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.