തിരുവനന്തപുരം: പുനഃസംഘടന നീക്കത്തോടെ കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങള്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളെ ബാധിക്കാതിരിക്കാനുള്ള നീക്കവുമായി കെ.പി.സി.സി നേതൃത്വം. നേതാക്കളെ അനുനയിപ്പിക്കാനും പ്രക്ഷോഭങ്ങളില്‍ പ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കാനുമാണ് ശ്രമം. ബജറ്റിലെ നികുതിവർധന ഉയർത്തിക്കാട്ടി സര്‍ക്കാറിനെതിരെ ശക്തമായ പ്രചാരണ, സമര പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവാഴ്ചയുമായി ജില്ല ആസ്ഥാനങ്ങളിൽ രാപ്പകല്‍ സമരം നടക്കും. വർധനവിൽനിന്ന് സർക്കാർ പിന്മാറിയാലും ഇല്ലെങ്കിലും ഗുണകരമാണെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വർധിപ്പിച്ച നികുതികളിൽ ഏതെങ്കിലും പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്താൽ സമരഫലമെന്ന് അവകാശവാദം ഉന്നയിക്കാം. സർക്കാർ ഉറച്ചുനിന്നാൽ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യാം. തുടർച്ചയായി ഇന്ധനവില ഉയർത്തുന്ന കേന്ദ്രസർക്കാറിനെതിരെ സമരം നടത്തുമ്പോൾതന്നെ സംസ്ഥാന സർക്കാറിൽനിന്ന് ഇത്തരമൊരു തീരുമാനം വന്നത് ഇടത് അണികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പാർലമെന്റിൽ കഴിഞ്ഞദിവസം ബി.ജെ.പി ആയുധമാക്കിയതും കേരളത്തിലെ നികുതി വർധനവാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുന്ന ഈ ഘട്ടത്തിൽ സംസ്ഥാന ഭരണത്തിനെതിരെ പ്രതിപക്ഷത്തിന് ഇത് മികച്ച പ്രചാരണായുധമാകും.
അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തി പുകയുന്ന സാഹചര്യത്തില്‍ സർക്കാറിനെതിരായ പ്രക്ഷോഭങ്ങളെ ബാധിക്കുമോയെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിലുണ്ട്. അത് മറികടക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പുനഃസംഘടന ചർച്ചകൾപോലും എ.ഐ.സി.സി സമ്മേളനത്തിന് ശേഷമേ ഇനി സജീവമായി നടക്കൂവെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ച പലയിടത്തും പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചുവെന്ന് മാത്രമല്ല ഇടക്കാലത്ത് നിർജീവമായ ഗ്രൂപ്പിസത്തിന് വീണ്ടും വഴിതുറക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയിലാണ് ബജറ്റിലെ നികുതിവർധനവെന്ന ശക്തമായ വിഷയം സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താൻ വീണുകിട്ടിയത്. നിയമസഭ സമ്മേളിക്കാത്ത അടുത്ത രണ്ടാഴ്ചക്കാലം വിഷയം സജീവമായി നിര്‍ത്തണമെങ്കില്‍ ശക്തമായ പ്രക്ഷോഭം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.