എൻ.എം. വിജയന്റെ 63 ലക്ഷം രൂപ കടബാധ്യത കോൺഗ്രസ് അടച്ചു

കൽപറ്റ: മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയന്റെ ബത്തേരി കോ ഓപറേറ്റീവ് അർബൻ ബാങ്കിലെ കടബാധ്യത കോൺഗ്രസ് അടച്ചുതീർത്തു. 63 ലക്ഷം രൂപയാണ് കോൺഗ്രസ് അടച്ചത്. കുടിശ്ശിക അടച്ചില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് എന്‍.എം. വിജയന്റെ കുടുംബം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡി.സി.സി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ നിര്‍ണായക നീക്കമാണ് കോണ്‍ഗ്രസ് നടത്തിയത്. ബാധ്യത തീർക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം കൽപറ്റയിൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തതിൽ ബാധ്യതയായ 10 ലക്ഷം രൂപയും, കുടുംബത്തിൻറെ ഉപജീവനത്തിന് 20 ലക്ഷം രൂപയും പാർട്ടി നൽകിയിരുന്നു.

2007 നവംബര്‍ 17നാണ് എന്‍.എം. വിജയന്‍ 10 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തത് എന്നാണ് റിപോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തിനു ശേഷം പുതുക്കി 15 ലക്ഷം രൂപയാക്കി .2014 സെപ്റ്റംബര്‍ ഒന്നിന് വീണ്ടും 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി.

2017 നവംബര്‍ 10ന് ബിസിനസ് വായ്പ കാര്‍ഷിക വായ്പയാക്കി മാറ്റി. 2019 ഡിസംബര്‍ 31ന് ഇത് 40 ലക്ഷമാക്കി ഉയര്‍ത്തി. 2021 ഏപ്രില്‍ 26നാണ് വായ്പ അവസാനമായി പുതുക്കിയത്. പിന്നീട് വായ്പയിലേക്ക് ഒരു തുകയും അടച്ചിട്ടില്ല. പാര്‍ട്ടിക്കു വേണ്ടിയാണ് കടബാധ്യതയുണ്ടായതെന്ന് അത്മഹത്യാകുറിപ്പില്‍ വ്യക്തമാണെന്ന് മരുമകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Congress pays off N.M. Vijayan's Rs 63 lakh debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.