ഉമ്മൻചാണ്ടി ഞായറാഴ്ച ഡൽഹിക്ക്; തിങ്കളാഴ്ച രാഹുലുമായി കൂടിക്കാഴ്ച

കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയർത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്താൻ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ഡൽഹിക്ക്. ഞായറാഴ്ച ഡൽഹിക്ക് പോകുന്ന ഉമ്മൻചാണ്ടി തിങ്കളാഴ്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ജനുവരി 15ന് ഡൽഹിക്കുപോകും. അടുത്ത ദിവസം രാഹുൽജിയെ കണ്ട് 17ന് മടങ്ങും. ഡി.സി.സി പ്രസിഡന്‍റുമാരുടെ നോമിനേഷനുകൾ സംബന്ധിച്ച് മാധ്യമങ്ങളിൽ വളരെയേറെ വാർത്തകൾ വന്നിരുന്നു. അത് പലതും വസ്തുതാ വിരുദ്ധമാണ്. ചിലത് അതിശയോക്തിപരവും. ഡി.സി.സി പ്രസിഡന്‍റുമാരുടെ നോമിനേഷന് എതിരായി ഒന്നും തന്നെ ഞാൻ പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ ചില അഭിപ്രായങ്ങൾ എനിക്കുണ്ട്. അത് നേതൃത്വത്തോട് ഞാൻ പറയും. ഇതായിരുന്നു എന്‍റെ അഭിപ്രായം.

ഞാൻ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്‍റും എനിക്കില്ല. പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എനിക്ക് ശക്തമായിട്ടുണ്ട്. അത് പുതിയതല്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ താഴെ തട്ട് മുതൽ ഊജ്ജ്വസ്വലമായ നേതൃത്വം ഉണ്ടായാൽ മാത്രമേ ഇന്ന് പാർട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിയൂ എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകളിൽ എല്ലാം ഞാൻ ഈ കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യാ രാജ്യവും കേരളവും മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വിഭാഗിയത സൃഷ്ടിച്ചും ജനങ്ങളെ തമ്മിൽ അടിപ്പിച്ചും രാജ്യത്തിൻറെ ഏകതാ ബോധം തകർത്തും കറൻസി പിൻവലിക്കുവാനുള്ള ഏകപക്ഷിയമായ തീരുമാനത്തിലൂടെ ഇന്ത്യൻ സാമ്പത്തിക രംഗം സ്തംഭിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അധികാരത്തിൽ കയറ്റിയ ജനങ്ങളെ പാടെ മറന്നു പ്രതിപക്ഷത്തിരുന്നു ഉയർത്തിയ ആവശ്യങ്ങൾ അവഗണിച്ചും കേരള ചരിത്രത്തിൽ ആദ്യമായി റേഷൻ വിതരണം സ്തംഭിപ്പിച്ചും ഭരിക്കുന്ന പിണറായി വിജയനും എതിരെ ശക്തമായി പോരാടേണ്ട അവസരം പൂർണമായും വിനിയോഗിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇന്നത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കോൺഗ്രസും യു.ഡി.എഫും ശക്തമാക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനു ഞാൻ എന്നും മുന്നിൽ തന്നെ ഉണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Tags:    
News Summary - congress party election; oommen chandy to delhi tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.