തിരുവനന്തപുരം: കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് ശശി തരൂർ എം.പിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ യു.പി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സർക്കാരിനോടുള്ള വിയോജിപ്പ് രാജ്യദ്രോഹമാണ് എന്ന് പറയുന്നത് നഗ്നമായ ഫാസിസമാണ്. രാജ്യസ്നേഹം ബി.ജെ.പിയിൽ നിന്നു പഠിക്കേണ്ട ഗതികേട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ അതിന്റെ പ്രവർത്തകർക്കോ ഇല്ലെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
കർഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് ശശി തരൂർ എം.പിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ യു.പി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി, മലയാളി മാധ്യമ പ്രവർത്തകൻ വിനോദ് ജോസ് എന്നിവർക്കെതിരേയും സമാന കുറ്റം ചുമത്തിയിരിക്കുകയാണ് യോഗി സർക്കാർ.
കർഷകസമരത്തെ എന്ത് വില കൊടുത്തും ഇല്ലാതാക്കും എന്ന നിലയിലേക്കാണ് മോദിയും കൂട്ടരും നീങ്ങുന്നത്. സർക്കാരിനോടുള്ള വിയോജിപ്പ് രാജ്യദ്രോഹമാണ് എന്ന് പറയുന്നത് നഗ്നമായ ഫാസിസമാണ്. സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനുമേലുള്ള കടന്നുകയറ്റംകൂടിയാണ് യുപി, മധ്യപ്രദേശ് സർക്കാരുകളുടെ നടപടി.
രാജ്യസ്നേഹം ബി.ജെ.പിയിൽ നിന്നു പഠിക്കേണ്ട ഗതികേട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ അതിന്റെ പ്രവർത്തകർക്കോ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.