കാട്ടാന ആക്രമണം: ഷിയാസുമായി രണ്ടുമണിക്കൂറോളം പൊലീസ് ജീപ്പിൽ കറങ്ങി; നേതാക്കളെ പിടികൂടാൻ ആസൂത്രിത നീക്കം

കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവരെ അറസ്റ്റ് ചെയ്യാൻ രാത്രി പൊലീസ് നടത്തിയത് ആസൂത്രിത നീക്കം.

കൊല്ലപ്പെട്ട നേര്യമംഗലം കാഞ്ഞിരവേലി സ്വദേശിനി ഇന്ദിരയുടെ മൃതദേഹവുമായി തിങ്കളാഴ്ച നഗരത്തിൽ നടത്തിയ പ്രതിഷേധം അവസാനിച്ചശേഷം വൈകീട്ട് അഞ്ചോടെ എം.എൽ.എയും ഡി.സി.സി പ്രസിഡൻറും മറ്റ് നേതാക്കളും കസ്‌റ്റഡിയിലായ പ്രവർത്തകരുടെ കാര്യങ്ങൾ സംസാരിക്കാൻ പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നു.

രാത്രി 11ഓടെ സമരപ്പന്തലിന് എതിർവശത്തെ ഹോട്ടലിൽ മുഹമ്മദ് ഷിയാസും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഷെമീർ പനക്കലും ചായ കുടിക്കാനെത്തി. ഇവർ കസേരയിൽ ഇരുന്നയുടൻ പൊലീസ് ഇരച്ചുകയറി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റുകയായിരുന്നു. പ്രവർത്തകർ തടയാനെത്തിയെങ്കിലും ജീപ്പ് കുതിച്ചു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലും പോർവിളികളുമായി.

പൊലീസ് ബസിന്റെ ചില്ല് പ്രവർത്തകർ തകർത്തു. പ്രവർത്തകരെ കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ പ്രതിയായ തന്നെയും കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ ബസ് തടഞ്ഞു. തുടർന്ന്, പ്രവർത്തകരെ പൊലീസ് ബസിൽനിന്നിറക്കി മാത്യു കുഴൽനാടനെ കയറ്റി. നഗരം ചുറ്റിയശേഷമാണ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്.

എം.എൽ.എമാരുടെ സമരം ഉദ്ഘാടനം ചെയ്‌തശേഷം കൊല്ലപ്പെട്ട ഇന്ദിരയുടെ കാഞ്ഞിരവേലിയിലെ വീട്ടിൽ പോയ രമേശ് ചെന്നിത്തല സംഭവമറിഞ്ഞ് തിരികെ സമരപ്പന്തലിലെത്തി. ഉന്നതോദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചിട്ടും മുഹമ്മദ് ഷിയാസിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല.

രണ്ടുമണിക്കൂറോളം പൊലീസ് ജീപ്പിൽ കറങ്ങിയശേഷം ഒരുമണിയോടെയാണ് ഷിയാസിനെ സ്റ്റേഷനിലെത്തിച്ചത്. നടപടികൾ പൂർത്തിയാക്കി രണ്ടരയോടെ കുഴൽനാടനെയും ഷിയാസിനെയും സ്‌റ്റേഷനിൽനിന്ന് മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി. ജാമ്യമില്ലാ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നതെങ്കിലും മജിസ്ട്രേറ്റ് ഇടക്കാലജാമ്യം അനുവദിച്ചു. ഇതോടെ ഇരുവരും സമരപ്പന്തലിൽ തിരികെയെത്തി.

ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച; സമരം അവസാനിപ്പിച്ചു

കോതമംഗലം: മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച. ഇവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തത്.

അതിനിടെ, എം.എൽ.എമാർ കോതമംഗലത്ത് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ആവശ്യങ്ങളിൽ മൂന്നെണ്ണം സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം നിർത്തിയത്.

ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു

അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം മന്ത്രിമാരടക്കം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. അടിമാലി പഞ്ചായത്തിലെ 20ാം വാർഡിൽ കാഞ്ഞിരവേലി മുണ്ടോൻ രാമകൃഷ്ണന്‍റെ ഭാര്യ ഇന്ദിര രാമകൃഷ്ണനാണ് (74) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. പകൽ 11നായിരുന്നു സംസ്കാരം. ​

മന്ത്രിമാരും ജനപ്രതിനിധികളും വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ എന്നിവർ തിങ്കളാഴ്ച രാത്രിതന്നെ വീട്ടിൽ എത്തിയിരുന്നു. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. എ. രാജ എം.എൽ.എ, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവരും വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ഇന്ദിരയുടെ മരണത്തിൽ നേര്യമംഗലത്തും കോതമംഗലത്തും പ്രതിഷേധം തുടരുന്നതിനാൽ വീട്ടിലും പരിസരത്തും പൊലീസ് വലിയ സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, പ്രതിഷേധങ്ങളോ മറ്റ് എതിർപ്പുകളോ ഇല്ലാതെയാണ് സംസ്കാരച്ചടങ്ങ് പൂർത്തിയായത്.

Tags:    
News Summary - Cong MLA Mathew Kuzhalnadan, dcc president muhammad shiyas arrested over protest against Wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.