കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ സംഘർഷം; പ്ലസ്ടു വിദ്യാർഥിനി വോട്ട് രേഖപ്പെടുത്തിയെന്ന് കെ.എസ്.യു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സംഘർഷം. എസ്.എഫ്.ഐ പ്രതിനിധി കള്ള വോട്ട് ചെയ്തെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയതോടെയാണ് ബുധനാഴ്ച്ച ഉച്ചക്ക് 1.30ഓടെ സർവകലാശാല സെനറ്റ് ഹൗസിന് മുന്നിൽ സംഘർഷമുണ്ടായത്.

യു.യു.സിയെന്ന വ്യാജേന പ്ലസ്ടു വിദ്യാർഥിനി സെനറ്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയായിരുന്നെന്ന് കെ.എസ്.യു ആരോപിച്ചു. സംഘർഷത്തെ തുടർന്ന് പരിക്കേറ്റ കെ.എസ്.യു മലപ്പുറം ജില്ല പ്രസിഡന്റ് ഇ.കെ അൻഷിദ്, അരീക്കോട് റീജ്യണൽ കോളജ് കെ.എസ്.യു പ്രസിഡന്റ് എം.ടി ഫയാസ് എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാജയം ഭയന്നാണ് വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തുന്നതെന്നും എസ്.എഫ്.ഐ ആരോപിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ. മുഹമ്മദ് സനദ്, അരീക്കോട് ഏരിയ സെക്രട്ടറി കെ. മുഹമ്മദ് അനീസ്, കാമ്പസ് യൂനിറ്റ് വൈസ് പ്രസിഡന്റ് പി.പി ഐശ്വര്യ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റതായും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും എസ്.എഫ്.ഐ ജില്ലാ നേതൃത്വം അറിയിച്ചു.

Tags:    
News Summary - Conflict in Calicut University Senate Elections; KSU said that a plus two student had cast her vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.