ചിറ്റൂർ: കസ്റ്റഡിയിലെടുത്ത പോക്സോ കേസ് പ്രതിയിൽ നിന്ന് പൊലീസ് പണം തട്ടിയെടുത്തതായി പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയാണ് പഴ്സിലെ പണം കണക്കിൽ കാണിക്കാതെ ചിറ്റൂർ പൊലീസ് കൈക്കലാക്കിയതായി ജഡ്ജിക്ക് മുന്നിൽ പരാതിയുന്നയിച്ചത്. പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത വിളയോടി സ്വദേശിയുടെ 11,000 രൂപയാണ് കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് തട്ടിയെടുത്തതായി പരാതിയുയർന്നത്.
ആഗസ്റ്റ് 30ന് വൈകീട്ടാണ് കള്ള് ചെത്തുതൊഴിലാളിയായ യുവാവിനെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക ചേഷ്ട കാണിച്ച പരാതിയിൽ ചിറ്റൂർ പ്രബേഷണറി എസ്.ഐ അടങ്ങുന്ന സംഘം എല്ലപ്പട്ടാം കോവിലിലെ തെങ്ങിൻ തോപ്പിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയിൽ നിന്ന് മൊബൈൽ ഫോണും പഴ്സും കസ്റ്റഡിയിലെടുക്കുകയും അന്ന് വൈകീട്ട് തന്നെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ, പഴ്സിലുണ്ടായിരുന്ന 11,810 രൂപക്ക് പകരം 810 രൂപ മാത്രമാണ് കണക്കിൽ കാണിച്ചതെന്നാണ് പരാതി. തൊഴിലുടമ നൽകിയ പണമാണെന്നും വീട്ടിൽ നൽകേണ്ടതാണെന്നും അറിയിച്ചെങ്കിലും വകവെച്ചില്ലെന്നും പ്രതിയുടെ പരാതിയിൽ പറയുന്നു.
സെപ്റ്റംബർ അഞ്ചിന് വീണ്ടും കോടതിയിലെത്തിയപ്പോഴാണ് പണം കണക്കിലില്ലാത്തത് പ്രതിയറിഞ്ഞത്. തുടർന്ന് കോടതിയിൽ പരാതിപ്പെടുകയായിരുന്നു. ചിറ്റൂർ സബ് ജയിലിൽ റിമാൻഡിലായ പ്രതിയുടെ പരാതി ജയിലധികൃതർ കോടതിക്ക് കൈമാറി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.