സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പട്ടികജാതി കുടുംബത്തെ വീടുകയറി ആക്രമിച്ചതായി പരാതി
ചാരുംമൂട്: പട്ടികജാതി കുടുംബത്തെ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായി പരാതി. അതേസമയം, അക്രമസംഭവം കെട്ടിച്ചമച്ചതാണെന്ന് ഏരിയ സെക്രട്ടറി പ്രതികരിച്ചു. ചുനക്കര കിഴക്കുംമുറി സതീഷ് ഭവനത്തിൽ സതീഷ് കുമാറിനെ സി.പി.എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനുവിന്റെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായാണ് പരാതി.
വ്യാഴാഴ്ച രാത്രി 12 മണിയോടെ ഏരിയ സെക്രട്ടറി ബി. ബിനുവിന്റെ നേതൃത്വത്തിൽ 20ഓളം പേർ ചേർന്ന് വീടുകയറി ആക്രമിക്കുകയും സതീഷ് ബാബുവിനെ മർദിക്കുകയും ചെയ്തതായി സതീഷിന്റെ ഭാര്യ ബീനമോൾ കുറത്തികാട് എസ്.എച്ച്.ഒക്ക് നൽകിയ പരാതിയിൽ പറയുന്നു. സി.പി.എമ്മുകാർക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടുമോ എന്നു ചോദിച്ചായിരുന്നു ആക്രമം. പട്ടികജാതി വിഭാഗക്കാരായ തങ്ങളുടെ ജാതി പറയുകയും ഭൂമിയിൽ വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ജനൽ ഗ്ലാസുകൾ അടിച്ചുതകർത്തതായും പരാതിയിൽ പറയുന്നു. സതീഷ് ബാബു ഇപ്പോൾ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലാണ്.
അതേസമയം, സംഭവം കെട്ടിച്ചമച്ചതാണെന്ന് ഏരിയ സെക്രട്ടറി ബിനു പറഞ്ഞു. വ്യാഴാഴ്ച സതീഷ്ബാബു തന്റെ ഫോണിലേക്ക് മോശമായ മെസേജുകൾ അയച്ചിരുന്നു. ഇതുസംബന്ധിച്ച് വൈകീട്ട് ഏഴുമണിയോടെ കുറത്തികാട് പൊലീസിൽ പരാതിനൽകി. പരാതിയെ തുടർന്ന് പൊലീസ് അന്വേഷത്തിനെത്തിയിരുന്നു. തങ്ങൾ സതീഷ് ബാബുവിന്റെ വീട്ടിൽ അതിക്രമം നടത്തിയിട്ടില്ല.
മുമ്പ് സി.പി.എമ്മിലുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. പൊലീസ് കേസിനെ പ്രതിരോധിക്കാൻ ബി.ജെ.പി നേതാക്കളുമായി ചേർന്നുള്ള നാടകമാണ് അക്രമസംഭവമെന്നും ബിനു പറഞ്ഞു. ബീനമോളുടെ പരാതിയിൽ ബിനുവിനെതിരെയും ഏരിയ സെക്രട്ടറിയുടെ പരാതിയിൽ സതീഷ് ബാബുവിനെതിരെയും കേസെടുത്തതായി കുറത്തികാട് എസ്.എച്ച്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.