തെരുവിൽ അടി, തിരിച്ചടി; വഴി നടക്കാനാവാതെ നേതാക്കൾ; മുന്നണികളുടെ ‘ബലപരീക്ഷണ’ത്തിൽ ചൂടുപിടിച്ച് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: മുമ്പെങ്ങും കാണാത്തവിധം തെരുവിൽ കൊണ്ടും കൊടുത്തും രാഷ്ട്രീയ കേരളം. മൂന്നു മുന്നണികളും ഒരേസമയം തെരുവിലിറങ്ങിയതോടെ പാർട്ടി ഓഫിസുകളും മന്ത്രിമാരുടെ വാഹനങ്ങളും ആക്രമിക്കപ്പെടുന്ന അപൂർവ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഏറ്റുമുട്ടൽ ആദ്യം ബി.ജെ.പി-കോൺഗ്രസ് തലത്തിലായിരുന്നെങ്കിൽ അപ്രതീക്ഷിതമായി ബുധനാഴ്ച സി.പി.എം കൂടി ചിത്രത്തിലേക്ക് വന്നു. സർക്കാറിനെതിരെ വീണുകിട്ടിയ അവസരം സി.പി.എമ്മും യുവജന, വിദ്യാർഥി സംഘടനകളും ഉപയോഗിക്കുകയായിരുന്നു.

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്.ഐ.ആറിൽ പൊതുജന രോഷം നേരിടുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നയാളെന്ന നിലയിലായിരുന്നു അമിത് ഷാക്കെതിരായ പ്രതിഷേധം. ഇതിന് മറുപടിയായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയാൻ യുവമോർച്ച രംഗത്തുവന്നു. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വാഹനങ്ങൾക്ക് കരിങ്കൊടി കാണിച്ചും തടഞ്ഞും പ്രതിഷേധം കടുപ്പിച്ച ബി.ജെ.പി- യുവമോർച്ചക്കാർ തലസ്ഥാനത്ത് കോൺഗ്രസ് ഓഫിസുകൾ അക്രമിക്കുകയും ചെയ്തു.

മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് മന്ത്രിയെ നടുറോഡിൽ ഇറക്കിവിടുന്ന അസാധാരണ സാഹചര്യം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടടുത്തുണ്ടായി. ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിനെ നെയ്യാറ്റിൻകരയിൽ തടഞ്ഞായിരുന്നു കോൺഗ്രസ് പ്രതികരണം. ബി.ജെ.പി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനുനേരെ കുപ്പിയേറ് നടന്നതായും പരാതി ഉയർന്നു.

ഇതിനിടെയാണ് അപ്രതീക്ഷിതമായി തലസ്ഥാനത്തെ അക്ഷരാർഥത്തിൽ യുദ്ധക്കളമാക്കിയ എസ്.എഫ്.ഐ-യൂത്ത്കോൺഗ്രസ് ഏറ്റുമുട്ടൽ അരങ്ങേറിയത്. സംഭവത്തിൽ യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ പൊലീസ് കയറി എസ്.എഫ്.ഐക്കാരെ തല്ലിയത് ആയുധമാക്കി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തിറങ്ങി.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ മന്ത്രി ഒ.ജെ ജനീഷിന്‍റെ കാറിനുനേരെ കണ്ണൂരിൽ പലയിടത്തും സി.പി.എം -ഡി.വൈ.എഫ്.ഐ അക്രമവും അരങ്ങേറി.

മന്ത്രിയെ സംരക്ഷിക്കാനും സമരങ്ങൾ പ്രതിരോധിക്കാനും കോൺഗ്രസ് പ്രവർത്തകരും സംഘടിക്കുന്ന സാഹചര്യമുണ്ടായി. തലസ്ഥാനത്ത് വ്യാഴാഴ്ച വൈകിട്ടും സെക്രട്ടറിയേറ്റിലേക്ക് സി.പി.എം പ്രതിഷേധം നടന്നു. കരിങ്കൊടി സമരവും പ്രതിഷേധവും മന്ത്രിമാർക്കെതിരെ മുൻകാലങ്ങളിലൊക്കെ അരങ്ങേറിയിട്ടുണ്ടെങ്കിലും മന്ത്രിമാരുടെ വാഹനങ്ങൾ ആക്രമിക്കുന്നതും വഴിയിൽ ഇറക്കിവിടുന്നതും അസാധാരണ സാഹചര്യമാണ്.

ഭയപ്പെടുത്താൻ നോക്കണ്ട, ക്രിമിനലുകളെ ഇറക്കിയുള്ള അക്രമസമരത്തിനെതിരെ ശക്തമായ നടപടി -മുഖ്യമന്ത്രി

പത്തനംതിട്ട: ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് ക്രിമിനലുകളെ ഇറക്കി അക്രമസമരം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ ഇരുന്നതേയുള്ളൂ. ഭയപ്പെടുത്താൻ നോക്കണ്ട. ജനശ്രദ്ധ തിരിക്കാൻ എസ്.എഫ്.ഐയെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണ്. സമരം എന്തിനാണെന്ന് അവർക്കും അറിയില്ല. മന്ത്രി ജനീഷിനെ മൂന്നുതവണ തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ചു. മന്ത്രി എന്തു തെറ്റാണ് ചെയ്തത്? തെരഞ്ഞെടുപ്പ് കമീഷൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ യൂത്ത് കോൺഗ്രസ് പ്രകടനത്തെ എന്തിനാണ് എസ്.എഫ്.ഐ ആക്രമിക്കുന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം ചെയ്തപ്പോൾ എസ്.എഫ്.ഐക്കാർ കല്ലെറിയുന്നതെന്തിനാണ്. സമരം ചെയ്യുന്നത് പിണറായി വിജയനെതിരെയോ എം.വി. ഗോവിന്ദനെതിരെയോ അല്ല. എസ്.എഫ്.ഐക്ക് എന്തിനാണ് നരേന്ദ്ര മോദിയോടും ഗ്യാനേഷ് കുമാറിനോടും ഇത്ര സ്നേഹമെന്നും അതിന്‍റെ രഹസ്യമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശക്തമായി നേരിടും -ചെന്നിത്തല‌‌

തിരുവനന്തപുരം: അധികാരം നഷ്ടമായതിന്‍റെ വിഭ്രാന്തിയില്‍ മന്ത്രിമാരെ ആക്രമിച്ച് കലാപമഴിച്ചുവിടാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളെ അതിശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരെ ആക്രമിക്കുന്ന ജനവിരുദ്ധ രാഷ്ട്രീയം വളരെക്കാലമായി സി.പി.എം പിന്തുടരുന്നു. ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ചാണ് തെരുവില്‍ അക്രമങ്ങള്‍ നടത്തുന്നത്. മന്ത്രി കെ.എം ഷാജിയെ യുവമോര്‍ച്ച നടുറോഡില്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഒ.ജെ. ജനീഷിനെ കണ്ണൂരില്‍ സി.പി.എമ്മുകാരും ആക്രമിച്ചു. മന്ത്രിയുടെ വാഹനത്തിലെ ദേശീയ പതാക നശിപ്പിച്ചു. നാട്ടിലെ ക്രമസമാധാനനില തകര്‍ക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും ഒരേ മനസായി പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

‘മന്ത്രിക്കെതിരായ ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യവിരുദ്ധം’

പത്തനംതിട്ട: മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരം ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി റോജി എം. ജോൺ. കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം ജനാധിപത്യ സംവിധാനത്തിൽ പതിവാണ്. എന്നാൽ, അതിന്‍റെ പേരിൽ ഒരു മന്ത്രിയുടെ വാഹനം തടഞ്ഞ് ദേശീയപതാകയും വാഹനവും തകർക്കുന്ന തരത്തിലുള്ള ഡി.വൈ.എഫ്.ഐയുടെ സമരം അംഗീകരിക്കാനാവില്ല. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അടിക്ക് തിരിച്ചടി ഞങ്ങളുടെ ശൈലിയല്ല -മന്ത്രി വിഷ്ണുനാഥ്

കോഴിക്കോട്: ഗുരുതര ആരോപണങ്ങൾ ഉയർന്ന മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുമ്പോൾ എസ്.എഫ്.ഐ കല്ലെറിയുന്നതെന്തിനാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ല. അത്തരം രാഷ്ട്രീയ നിലപാടുകളല്ല ഞങ്ങളുടേതല്ലെന്നും പറഞ്ഞു.

Tags:    
News Summary - street clashes in political Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.