മുതലമട: ഗർഭിണിയായ പഞ്ചായത്ത് അംഗത്തിനെയും ബന്ധുക്കളെയും വീട്ടിൽ കയറി മർദിച്ചതായി പരാതി. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുതലമട പഞ്ചായത്ത് അംഗം മെച്ചിപാറ മലയോരത്ത് വസിക്കുന്ന പാപ്പാൻചള്ള പട്ടികവർഗ സംവരണ വാർഡിലെ അംഗം സി. രാധ (27), ഭർത്താവ് സുധീഷ് (30), ഭർതൃമാതാവ് സുലോചന (51), പിതാവ് കൃഷ്ണൻകുട്ടി (54) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഒമ്പതംഗ സംഘം വീട്ടിൽ കയറി മർദിച്ചത്.
ഞായറാഴ്ച വൈകീട്ട് സുധീഷിന്റെ അമ്മാവന്റെ മകൻ സനൂഷ് സഞ്ചരിച്ച ബൈക്കും മുതലമട പള്ളത്തെ യുവാക്കൾ സഞ്ചരിച്ച മറ്റൊരു ബൈക്കും മുതലമട നിലംപതിയിൽ കൂട്ടിയിടിച്ചിരുന്നു. സനൂഷിന്റെ താടിയെല്ലിനും കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശിയുടെ കാലിന്റെ എല്ലിനും പൊട്ടൽ ഉണ്ടായി.
തുടർന്നുള്ള തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.ഒത്തുതീർപ്പിനെന്ന പേരിൽ വീട്ടിലെത്തിയവരാണ് രാധയെയും ബന്ധുക്കളെയും മർദിച്ചത്. സൈക്കിൾ ചെയിൻ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് രാധ പറഞ്ഞു.കൊല്ലങ്കോട് പൊലീസ് കേസെടുത്തു. അക്രമിച്ചവർക്കെതിരെ ശക്തമായ നിയമനടപടിയെടുത്തില്ലെങ്കിൽ പട്ടികവർഗ കമീഷനെ സമീപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.