'അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ'; സ്കൂളുകളിൽ ഇനിമുതൽ പൊലീസിന്റെ പരാതിപ്പെട്ടി

തിരുവനന്തപുരം: കുട്ടികൾക്ക് പറയാനുള്ള പരാതികൾ കേൾക്കാനും അതിൽ ആവശ്യമായ ഇടപെടൽ നടത്താനും പുതിയ പദ്ധതിയുമായി കേരള പൊലീസ്. ഇതിനായി പുതിയ അധ്യയന വര്‍ഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിന്‍റെ പരാതിപെട്ടി സ്ഥാപിക്കുമെന്ന് പൊലീസ്.

പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്.പി.ജി) പരാതിപെട്ടികൾ സ്ഥാപിക്കുന്നത്. പരാതി പെട്ടിയിൽ നിന്ന് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുക പൊലീസാവും.

ഓരോ സ്‌കൂളിലും അതാത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. പരാതികളില്‍ ഓരോ മാസവും സ്‌കൂള്‍ തലവന്റെ സാന്നിധ്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിക്കുമെന്നും പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് വ്യക്തമാക്കി.

പരാതിപെട്ടികള്‍ കൃത്യമായി എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കും. സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരിക്കല്‍ വീതവും പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം മാസത്തില്‍ ഒരു തവണ വീതം കൃത്യമായി പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.

വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സ്‌കൂളില്‍ പരിഹരിക്കേണ്ട പരാതികള്‍ അവിടെ പരിഹരിക്കും. ഗൗരവമായതില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

നാളെ തുടങ്ങുന്ന പുതിയ അധ്യനവര്‍ഷത്തിൽ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹൈസ്‌കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്‌കൂള്‍ അക്കാദമി കലണ്ടര്‍ സംബന്ധിച്ച ഉത്തരവില്‍ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു.

Tags:    
News Summary - complaint box in schools by kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.