നഖ്ശബന്ദിയ്യ ത്വരീഖത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയ അരീക്കോട് കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്ന, അനുജത്തി ഷിബ്‍ല, ലുബ്നയുടെ ഭർത്താവ് റിയാസ്
മലപ്പുറം: നഖ്ശബന്ദിയ്യ ത്വരീഖത്തുമായുള്ള ബന്ധം വേർപെടുത്തിയതിന്, സംഘടനയുടെ നിർദേശപ്രകാരം സഹോദരിമാരെ കുടുംബം അകറ്റിനിർത്തുന്നതായി പരാതി. അരീക്കോട് കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്ന, അനുജത്തി ഷിബ്‍ല, ലുബ്നയുടെ ഭർത്താവ് റിയാസ് എന്നിവരാണ് സംഘടന നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. മലപ്പുറം എസ്.പിക്കും കൊണ്ടോട്ടി ഡിവൈ.എസ്.പിക്കും പരാതി നൽകിയതായി ഇവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ പി.വി. ഷാഹുൽ ഹമീദ് നേതൃത്വം നൽകുന്ന നഖ്ശബന്ദിയ്യ ത്വരീഖത്തിലുൾപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു തങ്ങളെന്ന് ഇവർ പറയുന്നു. മൂന്നു വർഷം മുമ്പാണ് വയനാട് സ്വദേശി റിയാസും ഭാര്യ ലുബ്നയും സംഘടനയുമായി പിരിഞ്ഞത്. കഴിഞ്ഞ മാസം ഷിബ്‍ലയും സംഘടന വിട്ടു. ഇതോടെ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തലും മാനസിക പീഡനവും നേരിടേണ്ടിവരുകയാണെന്ന് ഇവർ ആരോപിച്ചു.
മൂന്നു വർഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി ഭാര്യയുടെയും അവരുടെ അനുജത്തിയുടെയും കൂടെ കിഴിശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയെങ്കിലും സംഘടനയുടെ നേതൃത്വത്തിൽ നൂറിലധികം പേർ സംഘടിച്ചെത്തി ഭീഷണിമുഴക്കി ഇറക്കിവിടാൻ ശ്രമിച്ചെന്നും പൊലീസ് എത്തിയാണ് രക്ഷിച്ചതെന്നും റിയാസ് പറഞ്ഞു. 2022 ഒക്ടോബറിലാണ് പിതാവ് മരിച്ചത്. വിദേശത്തായിരുന്ന താൻ അന്ന് വയനാട്ടിലെ വീട്ടിലെത്തിയെങ്കിലും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും വീട്ടിൽ പ്രവേശിക്കാനും അനുവദിച്ചില്ല. മാതാവിനെപോലും കാണാതെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി. കോയമ്പത്തൂരിലാണ് താനും കുടുംബവും ഷിബ്‍ലയും അവരുടെ രണ്ട് കുട്ടികളും ഇപ്പോൾ കഴിയുന്നതെന്നും റിയാസ് പറഞ്ഞു.
എന്നാൽ, കിഴിശ്ശേരിയിലേത് കുടുംബപ്രശ്നം മാത്രമാണെന്നും നഖ്ശബന്ദിയ്യ പ്രസ്ഥാനം ഇതിൽ ഇടപെട്ടിട്ടില്ലെന്നും ശാഖ പ്രസിഡന്റ് അഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പിതാവും രണ്ട് പെൺമക്കളും തമ്മിലുള്ള തർക്കം മാത്രമാണിത്. ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ യോഗകേന്ദ്രത്തിലെ വളന്റിയറാണ് റിയാസ്. ആ വഴിയിലേക്ക് രണ്ടാമത്തെ മകളെയും കുടുംബത്തെയുംകൂടി കൊണ്ടുപോകുന്നതിലുള്ള എതിർപ്പാണ് പിതാവ് പ്രകടിപ്പിച്ചത്. റിയാസിനെതിരെ, ഭാര്യയുടെ പിതാവ് സുലൈമാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.