കൊച്ചി: ഐ.ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി ആർ. മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈകോടതി. കൊച്ചി ബാനർജി റോഡിലെ ബാറിനുമുന്നിൽ ഐ.ടി ജീവനക്കാരനായ യുവാവുമായി തർക്കമുണ്ടാവുകയും ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച് ആലുവയിൽ ഇറക്കിവിട്ടെന്നുമാണ് കേസ്.
പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ചതിനെ തുടർന്ന് നേരത്തെ കേസിൽ മൂന്നാം പ്രതിയായ ലക്ഷ്മി മേനോന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആരോപിക്കുന്ന കുറ്റകൃത്യം ഗുരുതരമാണെങ്കിലും ഇരുകൂട്ടരുടെയും സത്യവാങ്മൂലം കണക്കിലെടുത്ത് ഹരജിക്കാരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
പറവൂർ സ്വദേശിയായ ഐ.ടി ജീവനക്കാരനെ കാർ തടഞ്ഞു തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. ആഗസ്റ്റ് 24ന് രാത്രി പബ്ബിൽവെച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഐ.ടി ജീവനക്കാരന്‍റെ കാർ നടി അടക്കമുള്ളവർ തടയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
കേസിൽ, മൂന്ന് പേരെ നോർത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ നടിയുടെ സുഹൃത്താണ്. മിഥുൻ, അനീഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് രണ്ടു പേർ. ബാനർജി റോഡിലെ പബ്ബിൽ വെച്ചായിരുന്നു തർക്കം ഉണ്ടായത് എന്നാണ് വിവരം. അതിനു ശേഷം കാറിൽ മടങ്ങുകയായിരുന്ന ഐ.ടി ജീവനക്കാരനായ യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.