വർഗീയ പരാമർശം: വെള്ളാപ്പള്ളിക്കെതിരെ എസ്.എൻ.ഡി.പി സംരക്ഷണ സമിതിയും പി.ഡി.പിയും പരാതി നൽകി

കോട്ടയം: എസ്.എൻ.ഡി.പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി സംരക്ഷണ സമിതി പൊലീസിൽ പരാതി നൽകി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എസ്.എൻ.ഡി.പി സംരക്ഷണ സമിതിയുടെ തീരുമാനം.

വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി പരാതി നല്‍കി. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എസ്. നൗഷാദാണ് പരാതി നൽകിയത്.

കോട്ടയത്ത് എസ്.എൻ.ഡി.പി യൂനിയനിലെ ശാഖകളുടെ നേതൃസംഗമത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുവെയാണ് കാന്തപുരത്തിനെതിരെയും സമസ്തക്കെതിരെയും മലപ്പുറത്തിനെതിരെയുമെല്ലാം വർഗീയ പ്രസ്താവനയുമായി വെള്ളാപ്പള്ളി രംഗത്തുവന്നത്. വെള്ളപ്പള്ളി പറഞ്ഞത്: ‘സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചില്ലെങ്കിൽ കുഴപ്പമാകുമെന്ന അവസ്ഥയാണ്. കാന്തപുരം പറയുന്നതുകേട്ട്​ ഭരിച്ചാൽ മതിയെന്ന നിലയിലെത്തി കാര്യങ്ങൾ. വി.എസ്​. അച്യുതാനന്ദൻ പറഞ്ഞതുപോലെ കേരളത്തിൽ മുസ്​ലിംകൾ ഭൂരിപക്ഷമായി. ഈ നാട്​ എങ്ങോട്ടാണ്​ പോകുന്നത്​. ഇവിടെ മതേതരത്വമല്ല, മതാധിപത്യമാ​ണ്. സ്കൂൾ സമയമാറ്റം തീരുമാനിച്ചപ്പോൾ ഉടൻ എതിർപ്പുമായി വന്നു സമസ്ത. ഓണത്തിന്‍റെയും ക്രിസ്മസിന്‍റെയും അവധി കുറച്ച്​ അഡ്ജസ്റ്റ്​ ചെയ്​തോളാനാണ്​ പറഞ്ഞത്​. സൂംബ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതും നിർത്താനാവശ്യപ്പെട്ടു. മലപ്പുറത്ത് പോയി താൻ സത്യം പറഞ്ഞതിന് എല്ലാ മുസ്​ലിംകളും ഒറ്റക്കെട്ടായി തന്നെ ആക്രമിച്ചു. പിന്നീട് മുഖ്യമന്ത്രി പിന്തുണച്ചതോടെയാണ് എല്ലാവരും നാവടക്കിയത്.

സത്യം പറയുമ്പോൾ അത് വർഗീയതയും ജാതീയതയുമാണെന്ന് പറയുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ നിയോജക മണ്ഡലങ്ങൾ കുറച്ചപ്പോൾ മലപ്പുറത്ത്​ നാല് സീറ്റുകളാണ് കൂടിയത്. കേരളത്തിൽ മുസ്​ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും കൂടുതൽ ചോദിക്കും. മലബാറിന് പുറത്ത് തിരു-ക്കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. മുഖ്യമന്ത്രിസ്ഥാനമാണ് ലീഗ് ലക്ഷ്യമിടുന്നത്. സംവരണ സമുദായ മുന്നണിയുടെ ഭാഗമായി കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്നെങ്കിലും മുസ്​ലിംകളാണ് കാര്യം സാധിച്ചത്. ഈഴവന് ഒരു പ്രയോജനവുമുണ്ടായില്ല. സാമൂഹികനീതിയെപ്പറ്റി ആരും പറയുന്നില്ല. പേരിൽപോലും ജാതിയുള്ളകാലത്ത് ഈഴവർ ജാതിയെപ്പറ്റി പറഞ്ഞാൽ ഗുരുദർശനം തെറ്റായി വ്യാഖ്യാനിച്ച് പ്രതിരോധിക്കാൻ വരും. വ്യവസായ മേഖലയിൽ മുസ്​ലിം ആധിപത്യമാണ്. വിദ്യാഭ്യാസ മേഖല ക്രിസ്ത്യൻ സമുദായം കുത്തകയാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഈഴവർക്ക് പ്രാതിനിധ്യം. കോട്ടയത്തിന്‍റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്​. ഒന്നിച്ചുനിന്നാണ്​ മറ്റുള്ളവർ എല്ലാം നേടുന്നത്​. ഈഴവർ രാഷ്​ട്രീയ ശക്തിയാകണം. ഏത് പാർട്ടിയിൽ ചേർന്നാലും പ്രാതിനിധ്യം നേടിയെടുക്കണം.’

Tags:    
News Summary - Communal remarks: SNDP samrakshana samithi and PDP file complaint against Vellappally natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.