കാലിക്കറ്റ് കാമ്പസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ടെന്ന് അന്വേഷണ കമീഷൻ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് സര്‍വകലാശാല ആഭ്യന്തര അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്. സര്‍വകലാശാല കാമ്പസിലെ ആകാശപാത പദ്ധതി പ്രദേശം, സര്‍വകലാശാല പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര, എൻജിനീയറിങ് കോളജ്, സെന്‍ട്രല്‍ കോഓപറേറ്റിവ് സ്റ്റോര്‍ പരിസരം എന്നിവിടങ്ങളിൽ രാത്രികാലങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാമ്പസിലെ സ്റ്റുഡന്റ്‌സ് ട്രാപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, വിദ്യാർഥികളെ ഓഫിസുകളിൽ പ്രവേശിപ്പിക്കുന്നതിന് സമയബന്ധിതമായി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക, കൂരിരുട്ടുള്ള കാമ്പസ് പ്രദേശങ്ങളില്‍ സൗരോർജ വിളക്കുകകളും സാധ്യമാവുന്ന ഇടങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങൾ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

വഴികളിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും കാമ്പസില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ വിദ്യാർഥി സംഘടനകളുടെ സഹകരണം ഉറപ്പാക്കാനും അന്വേഷണ സമിതി നിര്‍ദേശിക്കുന്നു. നീന്തല്‍കുളത്തില്‍ എം.എ ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാർഥി മുങ്ങിമരിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍വകലാശാല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. 2022 ഡിസംബര്‍ 19ന് പുലര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

Tags:    
News Summary - Commission of Inquiry found centers of illegal activities in Calicut campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.