ഭൂമി തരംമാറ്റം: അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് നിർദേശം

കൊച്ചി: ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ നടപടിക്രമങ്ങൾ പാലിച്ച് വേഗത്തിൽ പരിഹരിക്കണമെന്ന് ജില്ല കലക്ടർ ജാഫർ മാലിക് നിർദേശിച്ചു. അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കാണണം. നിലവിലെ നിയമപ്രകാരം നടപടി ക്രമങ്ങളിൽ മാറ്റം വരുത്താനാകില്ല. എങ്കിലും അപേക്ഷകളിൽ പ്രായോഗികമായി ഉണ്ടാകുന്ന താമസം ഒഴിവാക്കാൻ കഴിയുമെന്ന് കലക്ടർ പറഞ്ഞു. ഭൂമി തരം മാറ്റുന്നതിനു ലഭിക്കുന്ന അപേക്ഷകൾ വേഗത്തിൽ പരിഹരിക്കുന്നതു സംബന്ധിച്ച് എ.ഡി.എം, ഫോർട്ട്കൊച്ചി സബ് കലക്ടർ, മൂവാറ്റുപുഴ ആർ.ഡി.ഒ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, മറ്റ് റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തിയ പ്രത്യേക യോഗത്തിലാണ് നിർദേശം.

ഓഫീസുകളിൽ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണം. ഒരാൾക്കു പോലും ബുദ്ധിമുട്ട് ഉണ്ടാകരുത്. അപേക്ഷകളിൽ ലളിതമാക്കേണ്ടത് സങ്കീർണ്ണമാക്കാതിരിക്കുക. മനഃപൂർവം കാലതാമസം ഉണ്ടാക്കാതിരിക്കണം. അപേക്ഷയുമായി വരുന്നവരുടെ ആവശ്യം ന്യായമാണെന്നു ബോധ്യപ്പെട്ടാൽ മാനുഷിക പരിഗണനകൂടി കണക്കിലെടുത്ത് വേഗത്തിൽ പരിഹരിക്കണം. ചിലർ വരുത്തുന്ന പിഴവ് മുഴുവൻ ജീവനക്കാരെയുമാണു ബാധിക്കുന്നതെന്ന് കലക്ടർ പറഞ്ഞു.

നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ഫോർട്ട് കൊച്ചി സബ്‌ കലക്ടറിന്‍റെ നേതൃത്വത്തിൽ 9 അംഗ സബ് കമ്മിറ്റി രൂപീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കലക്ടർ നിർദേശിച്ചു.

പറവൂർ മൂത്തകുന്നത്ത് മത്സ്യത്തൊഴിലാളിയായ സജീവൻ (57) ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നിരാശനായി കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. സജീവൻ സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ട്കൊച്ചി സബ് കലക്ടർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

News Summary - Collector order about Land conversion applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.