കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിൽ വിജിലൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ഓണക്കാല ഉത്സവബത്ത നിഷേധിച്ചതായി പരാതി. കഴിഞ്ഞ വർഷംവരെ ലഭിച്ചിരുന്ന ബത്ത ഇത്തവണ വിചിത്രന്യായം പറഞ്ഞ് തടഞ്ഞെന്നാണ് ജീവനക്കാർ പറയുന്നത്. ബോർഡിലെ മറ്റെല്ലാ വിഭാഗങ്ങളിലെയും ജീവനക്കാർക്ക് കൃത്യമായി ഉത്സവബത്ത നൽകിയപ്പോഴാണ് വിജിലൻസ് വിഭാഗത്തോട് വിവേചനം.
പൊലീസിൽനിന്ന് വിരമിച്ചവരാണ് കൊച്ചിൻ ദേവസ്വം ബോർഡിലെ വിജിലൻസ് വിഭാഗം. ഡിവൈ.എസ്.പി റാങ്കിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ചീഫ് വിജിലൻസ് ഓഫിസർ. ഇദ്ദേഹമടക്കം 11 പേരാണ് വിജിലൻസിലുള്ളത്. ബോർഡിന് കീഴിൽ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ 400ലധികം ക്ഷേത്രങ്ങളിലെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ മേൽനോട്ടം, ബോർഡിലെ ജീവനക്കാർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതിയടക്കം പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കൽ തുടങ്ങിയവയാണ് ഇവരുടെ ചുമതല.
ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബോർഡിലെ ചില ഉദ്യോഗസ്ഥർ സസ്പെൻഷൻ അടക്കം നടപടി നേരിട്ടിട്ടുണ്ട്. വിവിധ കേസുകളിൽ ബോർഡിലെ ചിലരുടെ താൽപര്യത്തിനനുസരിച്ച് അന്വേഷണ റിപ്പോർട്ട് നൽകാത്തതാണ് ഉത്സവബത്ത നിഷേധിക്കാൻ കാരണമെന്നാണ് ജീവനക്കാരുടെ ആരോപണം.
ഇവരുടെ സേവന-വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നത് ദേവസ്വം ബോർഡാണ്. എങ്കിലും സർക്കാർ നിശ്ചയിക്കുന്ന ഉത്സവബത്ത കഴിഞ്ഞ വർഷംവരെ കിട്ടിയിരുന്നു. എന്നാൽ, സർക്കാർ സേവനത്തിൽനിന്ന് വിരമിച്ചവർക്ക് പെൻഷനൊപ്പം ലഭിക്കുന്നതിനാൽ വീണ്ടും ബത്ത നൽകരുതെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇത്തവണ നിഷേധിക്കുകയായിരുന്നു.
അതേസമയം, ഈ ഉത്തരവ് നിലനിൽക്കെയാണ് കഴിഞ്ഞ വർഷം 3000 രൂപ വീതം ബോണസ് നൽകിയതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.ബോർഡിൽ പ്രതിമാസം ശരാശരി അമ്പതോളം പരാതികൾ വിജിലൻസ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. കഴിഞ്ഞ ദിവസം ജീവനക്കാർക്കായി ബോർഡ് സംഘടിപ്പിച്ച ഓണാഘോഷം ഉത്സവബത്ത നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിജിലൻസ് വിഭാഗം ബഹിഷ്കരിച്ചിരുന്നു. ബോർഡ് അംഗങ്ങൾക്ക് മുന്നിൽ പരാതിപ്പെട്ടപ്പോൾ പരിഗണിക്കാമെന്ന ഒഴുക്കൻ മറുപടിയാണത്രേ ലഭിച്ചത്.
‘സർക്കാർ ഉത്തരവ് ലംഘിക്കാനാവില്ല’
വിരമിച്ചവർക്ക് പെൻഷനൊപ്പം ഉത്സവബത്ത ഉള്ളതിനാൽ മറ്റൊന്ന് കൊടുക്കുന്നത് വിലക്കി സർക്കാർ ഉത്തരവുണ്ട്. അത് ലംഘിച്ച് വിജിലൻസ് വിഭാഗം ജീവനക്കാർക്ക് ആനുകൂല്യം നൽകാനാവില്ല. മുൻ വർഷങ്ങളിൽ എന്താണ് നടന്നതെന്ന് അറിയില്ല. മുമ്പ് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തുടരുകയല്ല, തിരുത്തുകയാണ് വേണ്ടത്. ദേവസ്വം ബോർഡിൽനിന്ന് വിരമിച്ചശേഷം അവിടെത്തന്നെ ജോലി ചെയ്യുന്നവർക്കും പെൻഷനൊപ്പമുള്ള ബത്ത മാത്രമേ നൽകുന്നുള്ളൂ.
(കെ. രവീന്ദ്രൻ (പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.