സർക്കാരിന്റെ പ്രവർത്തനം മോശമെന്ന സി.പി.എം സംസ്ഥാന സമിതിയുടെ പരാമർശങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്

തിരുവനന്തപുരം:  സർക്കാരിന്റെ പ്രവർത്തികളെയും വിവിധ വകുപ്പുകളെയും വിമർശിച്ച് കൊണ്ടുള്ള സി.പി.എമ്മിന്റെ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഇന്ന്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയുടെ റിപ്പോർട്ടിലാണ് സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ വന്നത്.


ജനങ്ങളോട് അടുത്തിടപഴകുന്ന ആഭ്യന്തരം, തദ്ദേശം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തികൾ വളരെ മോശമാണെന്നും, മെച്ചപ്പെടുത്താനുള്ള രീതികൾ സ്വീകരിക്കുന്നില്ലെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. കൂടാതെ ഭക്ഷ്യ വകുപ്പിന്റെ വിലകയറ്റത്തിലും, കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിലുമെല്ലാം മന്ത്രിമാരുടെ സമീപനം അംഗീകരിക്കാൻ കഴിയാത്തതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.


പൊലീസിന്റെ എടുത്ത് ചാട്ടം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥിനെ അറസ്റ്റ് ചെയ്തതിലുള്ള വീഴ്ചയും, എ.കെ.ജി സെന്റർ ആക്രമിച്ച കുറ്റവാളികളെ കണ്ടെത്താത്തതും ജനങ്ങളിൽ പരിഹാസമുയർത്തി.


സർക്കാരിന്റെ നിയന്ത്രണമില്ലാത്ത അധികാരകേന്ദ്രങ്ങളായി പൊലീസ് മാറുന്നുണ്ടെന്ന വിമർശനവുമുയർന്നു. ഒന്നാം പിണറായി സർക്കാരിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ രണ്ടാം പിണറായി സർക്കാരിനെയും അളക്കുന്നതെന്നും അതുവെച്ചു നോക്കുകയാണെങ്കിൽ സർക്കാർ ഇപ്പോൾ ഒരുപാട് പിന്നിലോട്ടാണെന്നും സമിതി വ്യക്തമാക്കി.


കഴിഞ്ഞ ഭരണത്തിൽ ജനങ്ങൾക്കൊപ്പമിറങ്ങി പ്രവർത്തിച്ച മന്ത്രിമാർ ഇപ്പോൾ ഓൺലൈൻ പ്രവർത്തനമാണ് സ്വീകരിക്കുന്നത്. അതിൽ വിളിച്ചാൽ ഫോൺ എടുക്കാത്ത മന്ത്രിമാരുമുണ്ടെന്നും സമിതി അംഗങ്ങൾ ആവർത്തിച്ചു. അത്തരത്തിൽ ഓരോന്നും ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എമ്മിന്റെ വിമർശനം.


അതേസമയം സർക്കാരിനെതിരായ രൂക്ഷ പരാമർശങ്ങളിൽ നിന്നും എങ്ങനെ മറികടക്കാമെന്ന് സി.പി.എം സംസ്ഥാന സമിതി ചർച്ചനടത്തുന്നുണ്ട്.         

Tags:    
News Summary - cmwillreplytocpmstatecommitteecriticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.