കാസർകോട്: എ.കെ.ജി സെന്ററിന്റെ ശമ്പളം പറ്റുന്ന മാധ്യമപ്രവർത്തകരെ താൻ വെല്ലുവിളിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. തന്റെ നാവിൽ നിന്ന് മറ്റേതെങ്കിലുമൊരു മതത്തെ ആക്ഷേപിക്കുന്ന ഒരു വാക്കുണ്ടായിട്ടുണ്ടെന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയുമെന്നും തന്‍റെ വാദങ്ങളെക്കുറിച്ച് തെരുവിൽ സംവാദം നടത്താൻ തയാറാണെന്നും കെ.എം ഷാജി പറഞ്ഞു. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.
അഴീക്കോട് മണ്ഡലത്തിൽ എതിർ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ച എം.വി നികേഷ് കുമാറിനെ കിണറ്റിൽ ഇറക്കിയത് താനാണെന്നും അദ്ദേഹം പറഞ്ഞു. മൂൺവാക്ക്, മോണിങ് വാക്ക് എന്നൊക്കെ പറഞ്ഞ് ഇറങ്ങിയ ഇയാളെ ശരിയാക്കാമെന്ന് വിചാരിച്ചുവെന്നും കിണറ്റിൽ ഇറങ്ങാൻ പറഞ്ഞുവെന്നും ആ സാധു അതുകേട്ട് കിണറ്റിൽ ഇറങ്ങിയതാണെന്നും കെ.എം. ഷാജി പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ പ്രചരണത്തിനായി നികേഷ് കുമാർ കിണറ്റിലിറങ്ങിയതും വിഡിയോ എടുത്തതും വലിയ പരിഹാസത്തിന് പിന്നീട് കാരണമായിരുന്നു. ഇതേക്കുറിച്ചാണ് കെ.ഷാജി അഭിപ്രായപ്രകടനം നടത്തിയത്.
'ഒരു സത്യം പറയട്ടെ, അയാളെ കിണറിൽ ഇറക്കിയത് ഞാനാണ്. തനിയെ ഇറങ്ങിയതല്ല. അയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുമൂന്ന് ആളുകളെ വച്ചാണ് അത് ചെയ്തത്. അയാൾക്ക് തെരഞ്ഞെടുപ്പ് മര്യാദയൊന്നും ഉണ്ടായിരുന്നില്ല. ആകെ ഇടങ്ങേറാക്കി. മൂൺവാക്ക്, മോണിങ് വാക്ക് എന്നൊക്കെ പറഞ്ഞ് പലതരം ഗിമ്മിക്കുകൾ. ഇയാളെയൊന്ന് ശരിയാക്കാമെന്ന് ഞാൻ വിചാരിച്ചു. കിണറിൽ ഒന്ന് ഇറങ്ങിനോക്ക്, അതൊരു ട്രെൻഡാകുമെന്ന് ഞാൻ പറഞ്ഞു. ആ സാധു ഇറങ്ങിയതാണ്. 10 മിനിറ്റ് കൊണ്ട് ഞാനവിടെ ചെന്ന് വേറൊരു വീഡിയോ ഉണ്ടാക്കി. പൊട്ടനായതുകൊണ്ടാണ് ഇറങ്ങിയത്. അല്ലെങ്കിൽ ഇറങ്ങുമോ... ആരെങ്കിലും കിണറ്റിൽ ഇറങ്ങി വെള്ളമെടുത്ത് ലോകത്ത് കണ്ടിട്ടുണ്ടോ... കിണർ നന്നാക്കാനും മരിക്കാനും ഇറങ്ങിയിട്ടുണ്ട് പലരും.
കിണറ്റിൽ ഇറക്കിയതിന്റെ ദേഷ്യത്തിൽ കള്ളത്തരം ഉണ്ടാക്കുകയല്ല വേണ്ടത്. അയാളുണ്ടാക്കിയ നോട്ടീസ് മുഴുവൻ കള്ളമാണ്. ആ നോട്ടീസിന് കോടതിയിൽ നിന്ന് അംഗീകാരം കിട്ടിയിട്ട് 10 കൊല്ലം എം.എൽ.എയായ ആളാണ് ഞാൻ'- ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.