കിളിമാനൂർ അപകടം: പ്രധാന പ്രതി വിഷ്ണു പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിലെ രജിത് -അംബിക ദമ്പതികളുടെ അപകട മരണത്തിൽ മുഖ്യപ്രതിയായ കാരക്കോണം സ്വദേശി വിഷ്ണു പിടിയിലായി. ഒളിവിൽ കഴിയുന്നതിനിടെ, കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടിയിലായത്. ഇടിച്ച വാഹനത്തിന്റെ ഉടമയാണ് വിഷ്ണു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുൻകൂർജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വിഷ്ണു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. 

പ്രതിയെ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വിഷ്ണുവിനെ പൊലീസിനെ ഏൽപിച്ചിരുന്നു. എന്നാൽ വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അംബിക മരിച്ച ശേഷമാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

അതേസമയം വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്.എച്ച്.ഒ ബി. ജയന്‍, എസ്.ഐ അരുണ്‍, ജി.എസ്.ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായി, അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു എന്നീ കാരണങ്ങളാലാണ് സസ്പെൻഷൻ. സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എ.എസ്.പി അന്വേഷണ ചുമതല.

ജനുവരി നാലിന് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനില്‍ രഞ്ജിത്ത്(41)മരിച്ചത്. ഭാര്യ അംബിക(36) ജനുവരി ഏഴിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. രഞ്ജിത്തിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് മൃതദേഹവുമായി നാട്ടുകാര്‍ എം.സി റോഡ് ഉപരോധിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതലായ വാഹനം കത്തിയതിലും ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരുമടക്കം 58 പേര്‍ക്കെതിരെയാണ് കിളിമാനൂര്‍ പൊലീസ് കേസെടുത്തത്. 

Tags:    
News Summary - Kilimanoor accident: Main accused Vishnu arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.