മലയാളി ഗോളിൽ കേരളത്തെ പൂട്ടി റെയിൽവേസ്; സന്തോഷ് ട്രോഫിയിൽ സമനിലക്കളി

ഗുവാഹത്തി: സന്തോഷ് ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് സമനില. കേരളവും കരുത്തരായ റെയിൽവേസും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

ആദ്യ പകുതിയിൽ ഓൺ ഗോളിൽ കേരളം ലീഡെടുത്തെങ്കിൽ, നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ മലയാളി താരം പി.കെ. ഫസീനിലൂടെ റെയിൽവേസ് സമനില പിടിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയാണ് ഫസീൻ. 37ാം മിനിറ്റിൽ റെയിൽവേസിന്റെ സോയ് ബം അഭിനാഷ് സിങ് ബോക്സിനുള്ളിലേക്ക് വന്ന ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ കാലിൽ തട്ടി അബദ്ധത്തിൽ വലയിൽ കയറുകയായിരുന്നു.

അസമിലെ സിലാപത്തർ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. മൂന്നു തവണ ജേതാക്കളായ എതിരാളികൾക്കെതിരെ ആദ്യ പകുതിയിൽ കേരളം തുടർച്ചയായി ആക്രമണം അഴിച്ച് വിട്ടെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരളം ഒടുവിൽ ഓൺ ഗോളിലൂടെ ലീഡെടുത്തു. 1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്. എന്നാൽ രണ്ടാംപകുതിയിൽ ഉജ്വല പ്രകടനവുമായി റെയിൽവേസ് കളം പിടിച്ചു.

റെയിൽവേസിനായി മലയാളി താരം അബ്ദുറഹീം പകരക്കാരനായി കളത്തിലിറങ്ങി. ഇതിനിടെ 72ാം മിനിറ്റിൽ കേരളത്തിന്‍റെ പ്രതിരോധ താരം സന്ദീപ് പരിക്കേറ്റ് പുറത്തുപോയി. ഒടുവിൽ റെയിൽവേസിന്‍റെ ആക്രമണ ഫുട്ബാളിന് ഫലം കിട്ടി. 80ാം മിനിറ്റിൽ പ്രഭിക് ഗിസിങ്ങിന്‍റെ കോർണർ കിക്ക് ഹെഡ്ഡറിലൂടെ ഫസീൻ വലയിലാക്കി. അവസാന മിനിറ്റുകളിൽ ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ 3-1ന് തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ബിയിൽ 26ന് ഒഡിഷയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. നിലവിൽ നാല് പോയിന്റാണ് കേരളത്തിന്.

Tags:    
News Summary - Santhosh Trophy: Railways vs Kerala Match draws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.