തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൽ തിരിച്ചെത്തി. പത്ത് ദിവസത്തെ ചികിത്സക്കായി ജൂലൈ അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3:30ഓടെയാണ് തിരുവനന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമുൾപ്പെടെ ഉദ്യോഗസ്ഥവൃന്ദം മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
മുമ്പും പലതവണ മുഖ്യമന്ത്രി യു.എസിൽ ചികിത്സക്ക് പോയിരുന്നു. തുടർ ചികിത്സയുടെ ഭാഗമായാണ് ഇത്തവണ അമേരിക്കയിലെത്തിയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തിയത്. 2018ലാണ് മുഖ്യമന്ത്രി ആദ്യമായി യു.എസിൽ ചികിത്സക്ക് പോയത്. അന്ന് പേഴ്സനൽ സെക്രട്ടറിയും ഭാര്യ കമലയുമാണ് കൂടെയുണ്ടായിരുന്നത്.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന തരത്തിൽ വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി യു.എസിൽ ചികിത്സ തേടിയത്. നേരത്തേ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അതുണ്ടാക്കിയ വിവാദങ്ങൾ അടങ്ങുന്നതിന് മുമ്പാണ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരിച്ചത്.
തുടർന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ഉൾപ്പെടെ ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. കോട്ടയം മെഡിക്കൽ കോളജിൽ അപകടത്തിനു പിന്നാലെ സന്ദർശനത്തിനെത്തിയപ്പോൾ വിഷയത്തിൽ മുഖ്യമന്ത്രി കൂടുതലായൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാർ പറഞ്ഞില്ലേ എന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.