തിരുവനന്തപുരം: ഇ.പി ജയരാജൻറെ മകൻ ജിതിൻ രാജ്, ബിനോയ് കോടിയേരി എന്നിവരുൾപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അനിൽ അക്കരയാണ് വിഷയം സഭയിലവതരിപ്പിച്ചത്. കോടിയേരിയുടെ മക്കളുടെ പ്രവർത്തി ലോക കേരള സഭയെ ബാധിക്കും. എന്നാൽ വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. പത്രത്തിൽ വരുന്ന വാർത്തകൾ എല്ലാം സഭയിൽ ചർച്ച ചെയ്യാൻ പറ്റില്ല എന്ന് സ്പീക്കർ വ്യക്തമാക്കി.
വിവാദത്തിൽ സി.പിഎമ്മിനെയും പാർട്ടി സെക്രട്ടറിയേയും അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് പിണറായി വ്യക്തമാക്കി. കോടിയേരിയുടെ മക്കൾക്ക് ബിസിനസ് ആണ്. ബിസിനസുകാർ തമ്മിൽ പലപ്പോഴും പല പ്രശ്നങ്ങൾ കാണും. കാര്യങ്ങൾ എല്ലാം ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ബിസിനസുമായി ബന്ധപ്പെട്ട ചില പരാതികൾ ഉണ്ടായിരുന്നു. ഇപ്പോൾ ഉയരുന്ന വിഷയത്തിന് സഭയുമായി ബന്ധമില്ല. ചന്തയിൽ പറയേണ്ട കാര്യം സഭയിൽ പറയേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.
അതേസമയം തെറ്റായ വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണമെന്നു ഇ.പി ജയരാജൻ ആവശ്യപ്പെട്ടു. തൻറെ മകനെതിരെ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും ജയരാജൻ വ്യക്തമാക്കി. തന്റെ മകനെതിരായ ആരോപണം ശരിയല്ലെന്ന് ഇ.പി ജയരാജന്‍ മറുപടി നല്‍കി. വസ്തുതകള്‍ മനസ്സിലാക്കാതെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. റോയല്‍ ഡീസല്‍ കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറാണ് ജിതിന്‍ രാജ്. അറ്റ്‌ലസ് രാമചന്ദ്രന്റെ മകളുടെ ഭര്‍ത്താവിനെ സഹായിക്കാന്‍ ഒരു ചെക്ക് നല്‍കിയിരുന്നു. ആ ചെക്ക് കൃത്യമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് മടങ്ങി. പകരം അറ്റലസ് രാമചന്ദ്രന്റെ മകളുടെ പേരിലുള്ള ചെക്കാണ് കേസെടുക്കാന്‍ കാരണമായതെന്നും ജയരാജന്‍ പറഞ്ഞു.
എന്നാൽ സോളാർ ആരോപണങ്ങൾ സഭ ചർച്ച ചെയ്തത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി. ആരോപണങ്ങളുടെ പിതൃത്വം പ്രതിപക്ഷത്തിൻെറ തലയിൽ കെട്ടിവെക്കണ്ടെന്നും ധാർമിക പ്രശ്നം ആണ് ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വിവാദത്തിൽ പ്രതിപക്ഷത്തിന്റെ തലയിൽ കയറിയിട്ട് കാര്യമില്ല. സി.പി.എം കേന്ദ്രകമ്മിറ്റിക്ക് കൊടുത്ത പരാതിയാണ് പുറത്തു വന്നത്. നേതാക്കളുടെ മക്കൾ ബിസിനസ് നടത്തുന്നതിൽ തെറ്റില്ല. പക്ഷെ അത് തട്ടിപ്പാകുമ്പോൾ ചർച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ ആരോപിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.