കാസർകോട്: മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ എ.ഐ.സി.സി നിയോഗിച്ച നിരീക്ഷണസമിതിയുടെ അഭിപ്രായ രൂപവത്കരണത്തിൽ ആശങ്കയുമായി ഉദുമ നിയുക്ത എം.എൽ.എ കെ. നീലകണ്ഠൻ. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുനേതാക്കളുടെ പേരിൽ മുഖ്യമന്ത്രിച്ചർച്ച തുടങ്ങിയതിന് പിന്നാലെ എം.എൽ.എമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും അറിയാനാണ് നിരീക്ഷകരെ ചുമതലപ്പെടുത്തിയത്. ഇവർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയ ഇടം ബ്ലാങ്കായി പുറത്തുവന്നതിൽ ആശങ്ക രേഖപ്പെടുത്തി നീലകണ്ഠൻ ഹൈകമാൻഡിന് ഇ-മെയിലയച്ചത്.
കഴിഞ്ഞദിവസമാണ് എ.ഐ.സി.സി നിരീക്ഷകർ കേരളത്തിലെത്തി എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായമാരാഞ്ഞത്. ഇതിനായി ഒരു പ്രത്യേക ഫോറംതന്നെ ഉണ്ടാക്കിയിരുന്നുവെന്നാണ് പറയുന്നത്. അതിലാണ് ആർക്കാണ് പിന്തുണ എന്നറിയാൻ പേര് അടയാളപ്പെടുത്തിയത്. ഇതിൽ പലരും കെ.സി എന്നും ആർ.സി എന്നും രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് താൻ കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്നും അത് നിരീക്ഷണസമിതി രേഖപ്പെടുത്തിയത് കണ്ടതാണെന്നും നീലകണ്ഠൻ പറഞ്ഞു. അതേസമയം, ഇപ്പോൾ പുറത്തുവന്ന രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് മെയിൽ അയച്ചതെന്നും അദ്ദേഹം അറിയിച്ചു. എ.ഐ.സി.സി നിരീക്ഷകരുടെ പക്കലുണ്ടെന്ന് പറയുന്ന രേഖകളുടെ ചിത്രമാണ് പുറത്തായത്. പല എം.എൽ.എമാരും അവരുടെ ആദ്യ ഓപ്ഷൻ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിൽ ഒന്നാമതായി കാണുന്ന കെ. നീലകണ്ഠന്റെ പേരിന് നേരെയുള്ള ഇടം ബ്ലാങ്കാണ്. എന്നാൽ, എം.എൽ.എമാരുടെ പിന്തുണ സംബന്ധിച്ച പുറത്തുവന്ന ചിത്രം യഥാർഥമല്ലെന്നാണ് നിരീക്ഷണസമിതി അംഗമായ മുകുൾ വാസ്‌നിക് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.