ലോകായുക്ത കുരക്കുകയേ ഉള്ളു കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി; പ്രതിപക്ഷം നിയമവഴി തേടും -വി.ഡി സതീശൻ

ലോകായുക്ത ഓർഡിനൻസ് കേരളത്തിൽ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തനിക്കെതിരായ കേസ് പരിഗണിക്കാനിരിക്കെ ലോകായുക്ത കുരക്കുക മാത്രമേയുള്ളൂ കടിക്കുകയില്ലെന്ന്  മുഖ്യമന്ത്രി ഉറപ്പാക്കിയിരിക്കുകയാണ്. കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം തകർത്തയാൾ എന്ന പേരിലായിരിക്കും നവോത്ഥാന നായകനാകാൻ ശ്രമിക്കുന്ന പിണറായി വിജയൻ ചരിത്രത്തിൽ അറിയപ്പെടുക.  ഗവർണറും സർക്കാരും തമ്മിലുള്ള സൗന്ദര്യ പിണക്കം ഒത്തു തീർപ്പിലെത്തിക്കാൻ കേരളത്തിൽ തന്നെ ചില ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അതു തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ തന്നെക്കൊണ്ട് സർക്കാർ നിയമ വിരുദ്ധമായ കാര്യങ്ങൾ ചെയ്യിച്ചെന്ന് ഗവർണർ പറഞ്ഞെങ്കിലും വൈസ് ചാൻസലർ ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. ഗവർണറുടെ പഴ്സണൽ സ്റ്റാഫിലേക്ക് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിട്ടുണ്ട്. ആ വാർത്ത ശരിയാണെങ്കിൽ ഇപ്പോൾ നടന്നത് കൊടുക്കൽ വാങ്ങൽ ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഒരു കോടതിയും ഇതുവരെ നിയമ വിരുദ്ധമാണെന്നു പറയാത്തൊരു നിയമമാണ് 22 വർഷത്തിന് ശേഷം സംസ്ഥാന സർക്കാർ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്‌. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അധികാരം കോടതികൾക്കു മാത്രമെ ഉള്ളൂവെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവ് പ്രതിപക്ഷം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഒരു കേസ് പരിഗണനയിൽ വന്നപ്പോഴാണ് 22 വർഷമായി നിലനിന്നിരുന്ന ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമെന്ന് സർക്കാർ പറഞ്ഞത്. അതിന് ഗവർണറും കൂട്ടു നിന്നു. ഭരണഘടനാ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഓർഡിനൻസ് രാഷ്ട്രപതിയുടെ അംഗീകാരത്തിന്‌  അയയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അംഗീകാരം കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് രാഷ്ട്രപതിക്ക് അയയ്ക്കാതെ ഓർഡിനൻസിൽ ഗവർണർ തന്നെ ഒപ്പുവച്ചത്.

ഇടതു മുന്നണിയുടെ അഴിമതി വിരുദ്ധനിലാപാടിനെ തുറിച്ചു നോക്കുന്നതാണ് ഈ ഓർഡിനൻസെന്ന് സി. പി. ഐ നേതാവ് കാനം രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട്. നിയമസഭയെ നോക്കുകുത്തിയാക്കിയാണ് ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് ഓർഡിനൻസ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തയാഴ്ച നിയമസഭ ചേരാനിരിക്കെ ഇത്ര ധൃതി കാട്ടുന്നത് എന്തിനാണെന്ന കാനത്തിന്റെ ചോദ്യം പ്രസക്തമാണ്. ഗവർണറും മുഖ്യമന്ത്രിയും നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്‌. 

മുഖ്യമന്ത്രി വിദേശത്ത്‌ നിന്നും മടങ്ങിയെത്താൻ വേണ്ടി ഗവർണർ കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെത്തി ഗവർണറെ സന്ദർശിച്ചതിന് പിന്നാലെ ഓർഡിനൻസിൽ ഒപ്പുവച്ചു. ഇതെല്ലാം ഒത്തു തീർപ്പാണ്. ഓർഡിനൻസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഭരണഘടനാപരമായ വിഷയങ്ങളിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുന്നു. ഇതിനെതിരെ നിയമപരമായ വഴിതേടും.

Tags:    
News Summary - CM assures Lokayukta not to bite; Opposition seeks legal action: VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.