ബി.ജെ.പിയിൽ കലഹം; ശോഭക്ക് പിന്നാലെ സുരേന്ദ്രനെതിരെ പരാതിയുമായി പി.എം. വേലായുധൻ

കോഴിക്കോട്: സംസ്ഥാന ബി.ജെ.പിയിലെ കലഹം പൊട്ടിത്തെറിയിലേക്ക്. നേതൃത്വ വിഷയത്തെ ചൊല്ലി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ മുതിർന്ന നേതാവും മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.എം. വേലായുധനും രംഗത്തെത്തി. സുരേന്ദ്രനെതിരെ കടുത്ത വിമർശനം ഉന്നയിച്ച പി.എം. വേലായുധൻ മാധ്യമങ്ങൾക്കു മുന്നിൽ വിങ്ങിപ്പൊട്ടി.

മക്കൾ വളർന്ന് ശേഷിയിലേക്ക് വരുമ്പോൾ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിൽ ഇട്ടമാതിരിയാണിതെന്ന് വേലായുധൻ പറഞ്ഞു. എന്നെപ്പോലെ ഒട്ടേറെ പേർ വീടുകളിൽ ഇരിക്കുകയാണ്. ഈ വിഷമം പറയാൻ ഒട്ടേറെ തവണ സംസ്ഥാന അധ്യക്ഷനെ വിളിച്ചു. എന്നാൽ, ഈ നിമിഷം വരെ തിരിച്ച് വിളിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്തയാളാണ് താൻ. അടിയന്തരാവസ്ഥ കാലത്ത് തല്ലുകൊണ്ട് രണ്ട് തവണയാണ് ജയിലിൽ കിടന്നത്. ഒരു ആശയത്തിന് വേണ്ടി ഉറച്ചുനിന്നയാളാണ്. ഇന്ന് തനിക്ക് ഏറെ വേദനയുണ്ടെന്നും വേലായുധൻ പറഞ്ഞു. മാധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹം വിതുമ്പുകയും ചെയ്തു.

സുരേന്ദ്രനെതിരെ ആരോപണവുമായി ശോഭാ സുരേന്ദ്രനും രംഗത്തുവന്നിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് അധ്യക്ഷൻ ശ്രമിക്കുന്നത് എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ ആരോപണം. ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകിയിട്ടുണ്ട്. 

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ശോഭ ഏറെ നാളുകളായി പാർട്ടി പരിപാടികളിൽ ഉണ്ടായിരുന്നില്ല. ബി.ഡി.ജെ.എസുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.