കിളിമാനൂർ: വെള്ളല്ലൂരിൽ റാപ്പർ വേടന്റെ സംഗീത പരിപാടി മുടങ്ങിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ചെളിവാരിയെറിഞ്ഞ സംഭവത്തിലും പ്രതി ചേർക്കപ്പെട്ടവരിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ, ഇളമ്പ കൈലാസം വീട്ടിൽ അരവിന്ദനെയാണ് (23) നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ എൽ.ഇ.ഡി വാൾ സെറ്റ് ചെയ്യുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് സംഗീത പരിപാടി റദ്ദാക്കിയിരുന്നു. എന്നാൽ, പരിപാടി കാണാൻ എത്തിയവരിൽ ഒരുവിഭാഗം യുവാക്കൾ സംഘർഷം ഉണ്ടാക്കുകയായിരുന്നു. കാണികൾക്കും പൊലീസിനും നേരെ ഇവർ ചെളി വാരിയെറിഞ്ഞ് പ്രദേശം സംഘർഷഭരിതമാക്കി. പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെയാണ് സ്റ്റേജിലേക്ക് ചെളിവാരിയെറിഞ്ഞ് ആരാധകർ പ്രതിഷേധിച്ചത്.
ടെക്നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
അതേസമയം സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് വേടൻ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതെന്നും യഥാസമയം വേദിയിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.