കൊച്ചി: കേരള തീരത്ത് നിന്നു പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിട്ടില്ലെന്നും അവ ഭക്ഷ്യ യോഗ്യമെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി) ഡയറക്ടർ ജോർജ് നൈനാൻ. പ്രാഥമിക പഠനത്തിലാണ് കണ്ടെത്തൽ. അതേ സമയം കേരള തീരത്ത് അടുപ്പിച്ച് രണ്ടു തവണ അപകടകരമായ വസ്തുക്കളടങ്ങിയ കപ്പലുകൾ മറിഞ്ഞ സാഹചര്യത്തിൽ കടലിലെ രാസമാലിന്യ ആഘാതത്തിൻറെ ദീർഘകാല പഠനത്തിനായി സി.എം.എഫ്.ആർ, സി.ഐ.എഫ്.ടി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയവയുമായി കേരള സർക്കാർ കൈകോർത്തിരിക്കുകയാണ്.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറുകളിൽ നിന്ന് മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്. പഠനത്തിൽ മത്സ്യം ഭക്ഷ്യ യോഗ്യമാണെന്ന് കണ്ടെത്തി. അതുപോലെ കേരള തീരത്ത് നിന്ന് ശേഖരിച്ച ജലത്തിൻറെ പി.എച്ച് നിലയും സാധാരണമാണ്. മൺസൂൺ ആയതിനാൽ വെള്ളത്തിന് കലക്കം(ടർബിഡിറ്റി ലെവൽ) കൂടുതലായിരുന്നു എന്ന് ഗവേഷകർ പറയുന്നു. ഫ്ലൂറസെൻസ് ടെസ്റ്റും അനുകൂല ഫലമാണ് നൽകിയതെന്നും ജോർജ് പറഞ്ഞു. ഇതൊരു പ്രാഥമിക പഠനം മാത്രമായിരുന്നുവെന്നും ബയോകെമിക്കൽ പാരാമീറ്ററുകളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാസ സാന്നിധ്യ ആശങ്കയെ തുടർന്ന് മത്സ്യ വിപണിയിൽ പ്രതിസന്ധികൾ ഉയർന്നു വന്ന സാഹചര്യത്തിൽ പഠന റിപ്പോർട്ട് പുറത്ത് വന്നത് മത്സ്യ വിപണിക്ക് ആശ്വാസമായേക്കും. മത്സ്യത്തിന് പ്രിയം കുറഞ്ഞത് ചിക്കൻ വിൽപ്പനയിൽ 30 ശതമാനം വിൽപ്പന ഉയരാനും ചിക്കൻറെ ദൗർലഭ്യം വിലക്കയറ്റത്തിനു കാരണമാവുകയും ചെയ്തു. വേനൽക്കാലത്ത് കോഴികളുടെ മരണനിരക്ക് കൂടിയതിനാൽ ഉൽപ്പാദനം കുറയുകയും ചിക്കൻറെ മൊത്തവ്യാപാര വില 80 കിലോയിൽ നിന്ന് 125 രൂപയായി ഉയർന്നുവെന്നും ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.