കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ട് യാക്കോബായ മെത്രാപ്പോലീത്തമാര്‍ പാത്രിയര്‍ക്കീസ് ബാവയെ കണ്ടു

കോലഞ്ചേരി: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായി തുടരവെ, കൂടുതല്‍ അധികാരാവകാശങ്ങള്‍ ആവശ്യപ്പെട്ട് യാക്കോബായ മെത്രാപ്പോലീത്തമാര്‍ പാത്രിയര്‍ക്കീസ് ബാവയെ കണ്ടു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് ലബനാനിലെ സഭ ആസ്ഥാനത്തത്തെി സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ കണ്ടത്.

പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം ആവശ്യപ്പെട്ട് സംഘത്തിന്‍െറ സന്ദര്‍ശനം. മെത്രാന്മാരെ വാഴിക്കുന്നതിലും സ്ഥലംമാറ്റുന്നതിലും ഷെവലിയാര്‍, കമാണ്ടര്‍ തുടങ്ങിയ ബഹുമതികള്‍ നല്‍കുന്നതിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുക, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തക്കെതിരെ സുന്നഹദോസ് സ്വീകരിച്ച നടപടികള്‍ നടപ്പാക്കുക, മലങ്കരയിലെ പ്രാദേശിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുള്ള സംഘടനകളെ തള്ളിപ്പറയുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. എന്നാല്‍, സഭ ഭരണഘടനക്ക് വിരുദ്ധമായ ഒരു കാര്യത്തിനും താന്‍ കൂട്ടുനില്‍ക്കില്ളെന്ന് പ്രാഥമിക ചര്‍ച്ചയില്‍തന്നെ ബാവ വ്യക്തമാക്കിയതായാണ് വിവരം.

മേലധ്യക്ഷനെന്ന നിലയില്‍ പാത്രിയര്‍ക്കീസ് ബാവക്ക് നല്‍കുന്ന സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് തര്‍ക്കത്തിന്‍െറ അടിസ്ഥാനം. ഓര്‍ത്തഡോക്സ് സഭ പാത്രിയര്‍ക്കീസ് ബാവക്ക് ആത്മീയമായ മേലധികാരം നല്‍കുമ്പോള്‍ ആത്മീയവും ഭരണപരവുമായ മേലധികാരം നല്‍കണമെന്ന ആവശ്യവുമായാണ് യാക്കോബായയുടെ രൂപവത്കരണം. ഇതിന്‍െറ അടിസ്ഥാനത്തില്‍ 2002ല്‍ കോതമംഗലത്ത് രജിസ്റ്റര്‍ ചെയ്ത യാക്കോബായ സുറിയാനി സഭയുടെ ഭരണഘടനയില്‍ മേലധ്യക്ഷനെന്ന നിലയില്‍ പാത്രിയര്‍ക്കീസ് ബാവക്ക് വിപുല അധികാരങ്ങളാണുള്ളത്. 2014 മാര്‍ച്ച് 21ന് അന്തരിക്കുന്നതുവരെ സഭ മേലധ്യക്ഷനായിരുന്നത് ഇഗ്നാത്തിയോസ് സഖ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയായിരുന്നു. അനാരോഗ്യവാനായിരുന്ന ഇദ്ദേഹം മലങ്കരയിലെ കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. പ്രാദേശിക നേതൃത്വമാണ് അധികാരം ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പാഴത്തെ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ സ്ഥാനമേറ്റതോടെ കാര്യങ്ങള്‍ മാറി. യുവാവായ ഇദ്ദേഹം സഭ ഭരണഘടന നല്‍കുന്ന വിപുലമായ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പ്രാദേശിക നേതൃത്വം നിഷ്പ്രഭമായി. തുടര്‍ന്നാണ് ഇദ്ദേഹത്തിന്‍െറ പ്രഥമ മലങ്കര സന്ദര്‍ശനത്തിനെതിരായ സമീപനം പ്രാദേശിക നേതൃത്വത്തില്‍ ഒരുവിഭാഗം സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ ദൗത്യവുമായി മെത്രാപ്പോലീത്തമാര്‍ ലബനാനിലത്തെിയത്.

Tags:    
News Summary - christian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.