വലത്തോട്ടൊഴുകി ക്രൈസ്തവ വോട്ടുകൾ

കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷ വിഭാഗങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവ സഭകൾ നൽകിയ വലിയ പിന്തുണയുടെ ശക്തി കൂടിയുണ്ട് ഇത്തവണ യു.ഡി.എഫിന്‍റെ അഭിമാന നേട്ടത്തിന്. വ്യത്യസ്ത വിഷയങ്ങളിൽ എൽ.ഡി.എഫിനോടും സർക്കാരിനോടും നിലനിന്ന അതൃപ്തി ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കിയെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

മധ്യകേരളത്തിലെ മണ്ഡലങ്ങളിലടക്കം യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വൻ ഭൂരിപക്ഷം നേടിക്കൊടുക്കുന്നതിൽ ഓർത്തഡോക്സ്, ലത്തീൻ, യാക്കോബായ, മാർത്തോമ വിഭാഗങ്ങളുടെ വോട്ട് നിർണായക പങ്കുവഹിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉൾപ്പെടെ ഇതര ന്യൂനപക്ഷങ്ങൾക്കൊപ്പം ക്രൈസ്തവ വോട്ടും വൻതോതിൽ യു.ഡി.എഫിലേക്ക് ഒഴുകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇടക്കാലത്ത് മുസ്ലിം, ക്രിസ്ത്യൻ വോട്ടിൽ ഒരുഭാഗം ഇടത് മുന്നണിയിലേക്ക് പോയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ അത് യു.ഡി.എഫ് തിരിച്ചുപിടിക്കുന്നതാണ് കണ്ടത്.

ക്രിസ്ത്യൻ ജനവിഭാഗങ്ങളുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങൾ യു.ഡി.എഫ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവുകയും ചെയ്തു. ക്രൈസ്തവ വോട്ട് ലക്ഷ്യംവെച്ച് ആ വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കുന്നതും സഭാസന്ദർശനവുമടക്കം നീക്കങ്ങൾ ബി.ജെ.പി നടത്തിയെങ്കിലും ഫലം കണ്ടില്ല. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാൻ സഭാതലത്തിലുള്ള നീക്കം പരാജയപ്പെട്ടപ്പോൾ അത് മാണി വിഭാഗത്തിന് കനത്ത ആഘാതമാകുകയും ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാകാൻ ഇടയാക്കുകയും ചെയ്തു.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ സീറ്റ് പരിധിയിലെ നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് മേൽക്കെ നേടിക്കൊടുത്ത ക്രൈസ്തവരുടെ വോട്ട് ഇത്തവണ യു.ഡി.എഫിലേക്ക് പോയി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യാക്കോബായ വിഭാഗത്തിന്‍റെ ഗണ്യമായ പിന്തുണ എൽ.ഡി.എഫിനായിരുന്നു.

എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പോടെ ആ നിലപാട് മാറിത്തുടങ്ങി. ചർച്ച് ബിൽ നിയമമാക്കുന്നതിലും തങ്ങൾക്ക് അവകാശപ്പെട്ട പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിൽനിന്ന് പിടിച്ചെടുത്ത് നൽകുന്നതിലുമുള്ള അനാസ്ഥയാണ് യാക്കോബായ വിഭാഗത്തെ സർക്കാരിന് എതിരാക്കിയത്. ചർച്ച് ബില്ലിന്റെ മറവിൽ തങ്ങൾ ഒന്നുപോലെ വഞ്ചിക്കപ്പെട്ടെന്ന വികാരം ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്കിടയിൽ ശക്തമായിരുന്നു. മദ്യനയത്തിലടക്കം സർക്കാർ സ്വീകരിച്ച നടപടികൾ കത്തോലിക്ക വിഭാഗത്തിൽ സൃഷ്ടിച്ച അതൃപ്തിയും ആഴമുള്ളതാണ്. ഇടുക്കിയിൽ ഭൂപതിവ് ചട്ടഭേദഗതിയുടെ മറവിൽ കർഷകരെ കൊള്ളയടിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ക്രൈസ്തവ സഭ ശക്തമായി ഉന്നയിച്ചിരുന്നു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടുക്കിയിലും വന്യജീവി ശല്യം മൂലം കർഷകർ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന വിമർശനവും സഭകൾ ഉയർത്തി. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ പരാജയം സഭയെടുത്ത നിലപാടുകളുടെ കൂടി ഫലമാണ്. സഭ മേലധ്യക്ഷൻമാർക്കെതിരെ പി.സി. ജോർജിനെപ്പോലുള്ള ബി.ജെ.പി നേതാക്കളുടെ അധിക്ഷേപം, എഫ്.സി.ആർ.എ നിയമഭേദഗതി സൃഷ്ടിച്ച ആശങ്ക, ഇതര സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന ആക്രമണം, കേരളത്തിൽ ഭരണമാറ്റത്തിന്‍റെ ശക്തമായ സാധ്യത തുടങ്ങിയ ഘടകങ്ങൾ സഭകളെ ഇത്തവണ യു.ഡി.എഫിന് അനുകൂലമായി ചിന്തിപ്പിച്ചു.

Tags:    
News Summary - Christian votes flow to the right Fronts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.