അനുകൂല സാഹചര്യം വോട്ടാക്കുന്നതിൽ വീഴ്ച; യു.ഡി.എഫിനെ വിമർശിച്ച് സത്യദീപം മുഖപ്രസംഗം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ യു.ഡി.എഫിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. അനുകൂല രാഷ്ട്രീയ സാഹചര്യം വോട്ടാക്കുന്നതിൽ യു.ഡി.എഫിന് വീഴ്ചപറ്റിയെന്ന് 'നാട്ടങ്കത്തിന്‍റെ നാനാർഥങ്ങൾ' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ജോസ് കെ. മാണി പോയത് മാത്രമല്ല യു.ഡി.എഫിന്‍റെ പരാജയ കാരണം. മുസ് ലിം ലീഗിന് കോൺഗ്രസ് കീഴടങ്ങിയെന്ന ഇടത് പ്രചാരണവും ഫലം കണ്ടു. യു.ഡി.എഫ് -വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ, കോണ്‍ഗ്രസിന്‍റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും, മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നും മുഖപ്രസംഗം പറയുന്നു.  

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യു.ഡി.എഫിന്‍റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതുതന്നെ. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്‍റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത്, അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും, ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്‍റെ ഇടപെടലിനെ കത്തോലിക്കാ സഭ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്‍ക്കും സമ്മര്‍ദ്ദവിഷയമാകുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഭരണം നിലനിര്‍ത്തിയ പാലക്കാട് നഗര സഭാ ആസ്ഥാനത്ത് 'ജയ്ശ്രീറാം' ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗീയ അജണ്ടയെ ഒരിക്കല്‍ കൂടി പരസ്യപ്പെടുത്തിയതിലൂടെ, കേരളത്തിലെ ബി.ജെ.പിയുടെ മതേതരമമത വെറും കാപട്യമാണെന്ന് തെളിഞ്ഞു -മുഖപ്രസംഗം വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് യുദ്ധം ജയിക്കാനുള്ള ജനപ്രിയ ക്ഷേമ പദ്ധതികളില്‍ മാത്രം ഒരു നാടിന്‍റെ വികസന നയം ഒഴിഞ്ഞൊതുങ്ങുമ്പോള്‍, താൽകാലിക രാഷ്ട്രീയ നേട്ടങ്ങളില്‍ നഷ്ടപ്പെടുത്തുന്നത് വരുംതലമുറയുടെ വികസന സ്വപ്നങ്ങളാണെന്നത് മറക്കരുത്. വ്യക്തിപരമായി കിട്ടിയ നേട്ടങ്ങളില്‍, അഴിമതി പോലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ മുങ്ങിപ്പോകുന്നതും പ്രബുദ്ധ കേരളത്തിന് ചേര്‍ന്നതല്ല.

മുന്നണി രാഷ്ട്രീയത്തിന്‍റെ ഇടതു വലതു ലായങ്ങളില്‍ കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറി മാറിക്കെട്ടിയുള്ള പരീക്ഷണത്തിന്‍റെ പതിവ് സമവാക്യങ്ങള്‍ മാറിത്തുടങ്ങിയോ എന്ന് സംശയിക്കണം. അപ്രതീക്ഷിതയിടങ്ങളില്‍ ഇരുമുന്നണികളും നേരിട്ട ചില തിരിച്ചടികളില്‍, മാറുന്ന മലയാളി മനസിന്‍റെ തിരിച്ചറിവുകളുണ്ട്. അതില്‍ മതേതര പക്ഷത്തു നിന്നുള്ള മാറി നില്‍ക്കലും, വികസന പക്ഷത്തേക്കുള്ള നീങ്ങി നില്‍ക്കലുമുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിലൂടെ അതില്‍ ഒരു വിഭാഗത്തെ ഒന്നായി ഒഴിവാക്കുന്നതും, ഭൂരിപക്ഷ സമുദായ താൽപര്യങ്ങളെ ശരിയായി അഭിമുഖീകരിക്കാത്തതും, മതനിരപേക്ഷ സാമൂഹ്യ സങ്കലനാ സങ്കൽപത്തിന് വിരുദ്ധമാകും -മുഖപ്രസംഗം മുന്നറിയിപ്പ് നൽകുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.